ക്ലൈമറ്റ് കപ്പ് കിരീടം സ്വന്തമാക്കി ഗോകുലം കേരള. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ജമ്മു കശ്മീർ ബാങ്കിനെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഗോകുലം പരാജയപ്പെടുത്തിയത്. സ്പിതുക് ലേ സ്റ്റേഡിയത്തിൽ നടന്ന ക്ലൈമറ്റ് കപ്പ് ഫൈനലിൽ 23ാം മിനുട്ടിൽ തന്നെ ഡിഫൻഡർ മഷൂറാണ് ഗോകുലത്തിനായി ആദ്യ ഗോൾ വലയിലെത്തിച്ചത്.
34ാം മിനുട്ടിൽ സെൽഫ് ഗോളിലൂടെ മലബാറിയൻസ് ലീഡ് ഇരട്ടിയാക്കി. ഇതോടെ ആദ്യ പകുതിയിൽ ഗോകുലം കേരള രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിലും ഗോകുലം കേരള ആധിപത്യം തുടരുന്നതാണ് കണ്ടത്, 46ാം മിനുട്ടിൽ തർപുയ മനോഹരമായ ഫിനിഷിംഗിലൂടെ ലീഡ് മൂന്നാക്കി ഉയർത്തി. 87ാം മിനുട്ടിൽ വസിം ജാവേദ് മനോഹരമായ ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ നാലാം ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയിലധികം ഉയരത്തിൽ, അത്യധികം കഠിനമായ സാഹചര്യങ്ങളിൽ നേടിയ ഈ കിരീടം ഗോകുലം കേരള എഫ്‌സിക്ക് വളരെ വിലപ്പെട്ടതാണ്. ടൂർണമെന്റിലുടനീളം കളിക്കാർ രോഗവും ഉയരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നേരിട്ടിരുന്നു.സെപ്തംബർ ഒന്നിന് ആരംഭിച്ച ടൂർണമെന്റിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ജി.കെ.എഫ്.സി. സ്‌കാൽസാങ്‌ലിംഗ് എഫ്‌സിയെ 8-1 ന് തകർത്താണ് ജൈത്രയാത്ര ആരംഭിച്ചത്,
ഗ്രൂപ്പ് ഘട്ടത്തിൽ ജെ-കെ ബാങ്കിനെതിരെ 2-0 ന് വിജയിച്ചു. സെമിയിൽ 4-2 പെനാൽറ്റി ഷൂട്ടൗട്ടിൽ ലഡാക്ക് എഫ്‌സിയെ പരാജയപ്പെടുത്തി.
ഗോകുലം കേരള എഫ്‌സിക്കൊപ്പം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ടിബറ്റൻ എൻ.എസ്.എ, സ്‌കാൽസാംഗ്ലിംഗ് എഫ്‌സി, 1 ലഡാക്ക് എഫ്‌സി, ജെ ആൻഡ് കെ ബാങ്ക് എന്നിവയുൾപ്പെടെ ആറ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.ഫൈനലിൽ നിർണായക പങ്കുവഹിച്ച മഷൂർ, സ്‌കോർ ചെയ്യുക മാത്രമല്ല, കളിയിലുടനീളം മികച്ച പ്രകടനം നടത്തി പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.