മത്സരം രാത്രി എട്ടിന് തുടങ്ങും
ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കേരളത്തിന്റെ യുവതാരങ്ങൾക്ക് അവസരങ്ങളൊരുക്കി അരങ്ങേറുന്ന പ്രഥമ സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് കൊച്ചിയിൽ കിക്കോഫ്. കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കിക്കോഫ്. വൈകിട്ട് 5.30 മുതൽ വർണ്ണാഭവും സംഗീതസാന്ദ്രവുമായ ഉദ്ഘാടനചടങ്ങോടെയാണ് കൽപന്തുകളിയുടെ ആരവത്തിന് തുടക്കമിടുന്നത്.
സ്റ്റീഫൻ ദേവസ്യയും ശിവമണിയുടെയും മ്യൂസിക്കൽ ഫ്യൂഷനും വേദിയുണർത്തും. കേരളത്തിലെ നാല് വേദികളിലായി രണ്ട് മാസം നീണ്ടുനിൽക്കുന്ന ആദ്യസീസണിൽ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് പോരിനിറങ്ങുന്നത്. തിരുവനന്തപുരം, കൊച്ചി, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, ഫോഴ്‌സ കൊച്ചി എഫ്.സി,
തൃശൂർ മാജിക്ക് എഫ്.സി, മലപ്പുറം എഫ്.സി , കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി എന്നിവയാണ് പങ്കെടുക്കുന്ന ആറ് ടീമുകൾ. ഉദ്ഘാടനമത്സരത്തിൽ മലപ്പുറം എഫ്.സിയും ഫോഴ്‌സ കൊച്ചി എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. ഹോം, എവേ ക്രമത്തിൽ ടീമുകൾ ഏറ്റുമുട്ടും. ഒരു ടീമിന് ലീഗ് സ്റ്റേജിൽ പത്ത് മത്സരങ്ങൾ ലഭിക്കും. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാർ പ്ലേഓഫിലേക്ക് യോഗ്യത നേടും.
മഞ്ചേരി സ്റ്റേഡിയം മലപ്പുറത്തിന്റെയും തൃശൂർ മാജിക്കിന്റെയും ഹോംഗ്രൗണ്ടാകും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റിന്റെയും കണ്ണൂരിന്റെയും ഹോംഗ്രൗണ്ട്.
വിജയത്തുടക്കത്തിനായി മലപ്പുറവും കൊച്ചിയും നേർക്കുനേർ
ജയത്തിൽ കുറഞ്ഞതൊന്നും ഉദ്ഘാടന മത്സരത്തിൽ തന്റെ ടീമിന് ഇല്ലെന്ന് ഫോഴസാ കൊച്ചിയുടെ പരിശീലകൻ മരിയോ ലെമോസ് പറയുന്നത്. ഫുട്‌ബോളിന് വലിയ ആരാധകവൃന്ദമുള്ള നാടാണ് കൊച്ചി. അതേ ആരാധക പിന്തുണ ഫോഴസാ കൊച്ചിക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലീഗിലെ ഉദ്ഘാടന മത്സരമായത് കൊണ്ട് തന്നെ മികച്ച കളി പുറത്തെടുക്കുകയാണ് ലക്ഷ്യം.
കളിക്കാർ സജ്ജരായി കഴിഞ്ഞിരിക്കുകയാണെന്നും ലെമോസ് വ്യക്തമാക്കി. ആറ് വിദേശ താരങ്ങൾ അടങ്ങുന്ന ഫോഴ്‌സാ ടീമിൽ ചെന്നൈയിൽ എഫ്.സിക്കൊപ്പം 2015ലും 2018ലും ഐ.എസ്.എൽ ചാംപ്യനായ ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്റ്റോയും ടുണീഷ്യൻ ദേശീയ താരമായ സയിദ് മുഹമ്മദ് നിഥാൽ, ഡിസിരി ഒമ്രാൻ, ഐവറി താരം മോക്കി ജീൻ ബാപ്പിസ്റ്റെ, സൗത്ത് ആഫ്രിക്കൻ താരം സിയാൻഡ നിഗുമ്പൊ, കൊളംബിയൻ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരും ഉൾപ്പെടുന്നുണ്ട്.
ഇന്ത്യൻ മുൻ ഗോൾകീപ്പറും ഐ.എസ്.എൽ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് ടീമിന്റെ ക്യാപ്റ്റൻ. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ ക്യാപ്റ്റൻ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ഹജ്മൽ സക്കീർ തുടങ്ങിയ ഒരുപിടി സ്വദേശ താരങ്ങളുടെ അനുഭവ സമ്പത്തും ഫോഴ്‌സ കൊച്ചിക്ക് മുതൽക്കൂട്ടാണ്. ഇംഗ്ലണ്ടിൽ നിന്നുള്ള ജോൺ ചാൾസ് ഗ്രിഗറിയാണ് മലപ്പുറം എഫ്.സിയുടെ മുഖ്യപരിശീലകൻ.
ചെന്നൈയിൻ എഫ്.സിയെ ഇന്ത്യൻ സൂപ്പർലീഗിൽ കിരീടം നേട്ടത്തിലേയ്ക്ക് നയിച്ച പരിചയ സമ്പത്തും ഗ്രിഗറിക്കുണ്ട്. അഞ്ച് വിദേശതാരങ്ങളെയാണ് ഇതിനോടകം ടീം സ്വന്തമാക്കിയിരിക്കുന്നത്. യുറഗ്വായ് താരമായ പെഡ്രോ മാൻസി, മുൻ റയൽ സോസിഡാഡ് താരവും ഐലീഗ് താരവുമായ സ്പാനിഷുകാരൻ ഹൊസേബ ബെറ്റിയ, സ്പാനിഷ് താരം റൂബൻ ഗാർഷ്യ, ബ്രസീലിയൻ താരം സെർജിയോ ബർബോസ, സ്പാനിഷ് താരം ഐതർ അലദൂറും മലപ്പുറം ജേഴ്‌സിയിൽ ഇറങ്ങും.
ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച പ്രതിരോധനിര താരമായിരുന്ന അനസ് എടത്തൊടികയ്‌ക്കൊപ്പം കേരളത്തിന് രണ്ടുതവണ സന്തോഷ് ട്രോഫി നേടിക്കൊടുത്ത ഗോൾകീപ്പർ വി മിഥുനുമാണ് ടീമിലെ മറ്റ് സൂപ്പർതാരങ്ങൾ. ഇവർക്ക് പുറമേ ദേശീയതലത്തിലും പ്രാദേശിക ടൂർണമെന്റുകളിലും തിളങ്ങിയ അനവധി കളിക്കാർ മലപ്പുറത്തിനുണ്ട്.