പാരീസ് ഒളിംപിക്‌സിലെ മെഡൽ നേട്ടത്തിന് പിന്നാലെ ഉത്തര കൊറിയുയടെ ടേബിൾ ടെന്നീസ് താരങ്ങൾക്ക് പിഴ ചുമത്താൻ നീക്കമെന്ന് റിപ്പോർട്ട്. ടേബിൾ ടെന്നീസിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെ പോഡിയത്തിൽനിന്ന് എതിരാളികളായ ദക്ഷിണ കൊറിയൻ താരങ്ങൾക്കൊപ്പം സെൽഫി എടുത്തു എന്ന കാരണത്താലാണ് ഉത്തര കൊറിയൻ താരങ്ങൾക്കെതിരേ നടപടി എടുക്കുന്നതെന്ന് ദ അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയിൽ നിന്നുള്ള ടേബിൾ ടെന്നീസ് താരങ്ങളായ ലിം ജോങ്ഹൂൺ, ഷിൻ യുബിൻ എന്നിവർക്കൊപ്പമായിരുന്നു ഉത്തര കൊറിയൻ താരങ്ങൾ ചിരിച്ചുകൊണ്ട് സെൽഫി എടുത്തത്. മത്സരശേഷം ഇരുവരും എടുത്ത സെൽഫി വൈറലായതിനെ തുടർന്നാണ് നടപടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ പിഴക്ക് പുറമെ ശിക്ഷയും ഒരുപക്ഷെ താരങ്ങൾക്ക് ലഭിക്കും.
എന്നാൽ ഏത് തരത്തിലുള്ള ശിക്ഷയാകും നൽകുക എന്ന കാര്യം വ്യക്തമല്ല. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഭരണകൂടം വിദേശ ഇടപെടലുകളെ കർശനമായി നിയന്ത്രിക്കുന്ന സാഹചര്യത്തിൽ ഒളിംപിക്‌സ് താരങ്ങൾക്ക് ഏത് രീതിയിലുള്ള ശിക്ഷയാണ് ലഭിക്കുന്നത് വ്യക്തമല്ല. എതിർ രാജ്യത്തെ താരങ്ങൾക്കൊപ്പം സെൽഫി എടുത്തതിന് നേരത്തെ തന്നെ ഇരുവരെയും ശാസിച്ചതായും റിപ്പോർട്ടുണ്ട്.
ഒളിംപിക്‌സിന് പുറപ്പെടും മുൻപ് ഉത്തര കൊറിയൻ സർക്കാർ പ്രതിനിധികൾ താരങ്ങൾക്ക് പ്രത്യേക നിർദേശം നൽകിയിരുന്നു. ദക്ഷിണ കൊറിയക്കാരുമായോ മറ്റേതെങ്കിലും വിദേശ താരങ്ങളുമായോ ഇടപഴകുന്നതിനെതിരേയായിരുന്നു സർക്കാർ മുന്നറിയിപ്പ് നൽകിയത്. ഗെയിംസിന്റെ സമയത്ത് താരങ്ങളുടെ നീക്കങ്ങൾ സൂക്ഷമായി നിരീക്ഷിക്കാനും ആളുകളെ ചുമതലപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇരു കൊറിയകളും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷം കാരണം ഇരു രാജ്യങ്ങൾക്കുമിടയിൽ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഒളിംപിക്‌സിൽ രണ്ട് വെള്ളിയും നാലു വെങ്കലവുമായി ഉത്തര കൊറിയ മെഡൽ പട്ടികയിൽ 68ാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.