മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടനത്തിനും ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ടോട്ടനം എവര്‍ട്ടണെ എതിരില്ലാത്ത നാല് ഗോളിനാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ ഹ്യൂങ് മിന്‍ സണ്ണിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് ടോട്ടനം സ്വന്തം തട്ടകത്തില്‍ ആധികാരിക ജയം നേടിയത്. 14ാം മിനുട്ടില്‍ യ്വെസ് ബിസോമയിലൂടെയാണ് ടോട്ടനം ഗോള്‍ പട്ടിക തുറന്നത്. കുളുസേവ്‌സ്‌കിയുടെ അസിസ്റ്റില്‍ നിന്ന് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നാണ് ബിസോമ എവര്‍ട്ടണ്‍ വലതുളച്ചത്. 25ാം മിനുട്ടില്‍ സണ്‍ ഹ്യൂങ് മിന്‍ ടീമിന്റെ രണ്ടാം ഗോളും നേടി. എവര്‍ട്ടണ്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ പിഴവില്‍ നിന്നായിരുന്നു സണ്ണിന്റെ ഗോള്‍ പിറന്നത്. പിക്‌ഫോര്‍ഡില്‍ നിന്ന് പന്ത് തട്ടിയെടുത്ത സണ്‍ അനായാസം വലകുലുക്കി. ഇതോടെ രണ്ട് ഗോള്‍ ലീഡോടെ ടോട്ടനം ആദ്യ പകുതി അവസാനിപ്പിച്ചു.
71ാം മിനുട്ടില്‍ അര്‍ജന്റൈന്‍ പ്രതിരോധ താരം ക്രിസ്റ്റിയന്‍ റൊമേറൊയാണ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. തുര്‍ന്ന് 77ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളും നേടി സണ്‍ ഗോള്‍ പട്ടിക തികച്ചു. ആദ്യ മത്സരത്തില്‍ ടോട്ടനം ലെസ്റ്റര്‍ സിറ്റിക്കെതിരേ സമനില വഴങ്ങിയിരുന്നു. എവര്‍ട്ടന്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രൈറ്റണോട് പരാജയപ്പെട്ടിരുന്നു.
മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇപ്‌സിച് ടൗണിനെ പരാജയപ്പെടുത്തിയത്. എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക് കരുത്തിലായിരുന്നു സിറ്റിയുടെ ജയം.
മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തന്നെ ലീഡെടുത്ത് ഇപ്‌സിച് ഞെട്ടിച്ചെങ്കിലും 10 മിനുട്ടിനകം മൂന്ന് ഗോള്‍ തിരിച്ചടിച്ച് സിറ്റി മത്സരം കൈയടക്കുകയായിരുന്നു. ഏഴാം മിനുട്ടില്‍ സാമ്മീ സോമോഡിക്‌സ് ആണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 12ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹാളണ്ട് സിറ്റിയെ ഒപ്പമെത്തിച്ചു. 14ാം മിനുട്ടില്‍ ഡിബ്രൂയ്‌നെയിലൂടെ സിറ്റി ലീഡെടുക്കുകയും ചെയ്തു. 16ാം മിനുട്ടില്‍ ഹാളണ്ട് തന്റെ രണ്ടാം ഗോളും നേടി. പിന്നീട് 88ാം മിനുട്ടിലാണ് ഹാളണ്ട് ഹാട്രിക്കും സിറ്റിയുടെ ഗോള്‍ പട്ടികയും തികച്ചത്. സിറ്റിയുടെ സീസണിലെ രണ്ടാം ജയമാണിത്. ഇപ്‌സിച് ടൗണിന്റെ രണ്ടാം പരാജയവും.
മറ്റു മത്സരങ്ങളില്‍ വെസ്റ്റ് ഹാം ക്രിസ്റ്റല്‍ പാലസിനെ 2-0നും ഫുള്‍ഹാം ലെസ്റ്റര്‍ സിറ്റിയെ 2-1നും പരാജയപ്പെടുത്തി.