നെയ്മറിന് ട്രോഫികൾ അഞ്ച്, റോണോക്ക് പൂജ്യം
സഊദിയില്‍ ഒരു മേജര്‍ ട്രോഫിക്കായുള്ള പോര്‍ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാത്തിരിപ്പ് തുടരുന്നു. ഇന്നലെ സഊദി സൂപ്പര്‍കപ്പ് ഫൈനലിലും പരാജയപ്പെട്ടതോടെയാണ് അല്‍നസറിനൊപ്പമുള്ള റോണോയുടെ കിരീട സ്വപ്‌നം നീളുന്നത്. ഫൈനലില്‍ ചിരവൈരികളായ അല്‍ ഹിലാല്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് അല്‍ നസറിനെ പരാജയപ്പെടുത്തിയത്. 2022 ഡിസംബറില്‍ അല്‍ നസറിനൊപ്പം ചേരുകയും കഴിഞ്ഞ സീസണില്‍ 35 ഗോളുകളുമായി ലീഗ് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്ത റൊണാള്‍ഡോ ഇപ്പോഴും ഒരു ട്രോഫിക്കായി കാത്തിരിക്കുന്നത് ആരാധക ലോകത്ത് വലിയ നിരാശയാണ് പടര്‍ത്തുന്നത്. എന്നാല്‍, മറുവശത്ത് അല്‍ ഹിലാല്‍ താരമായ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ടീമിനൊപ്പം ചേര്‍ന്നിട്ട് അഞ്ചാമത്തെ കിരീടമാണ് ചൂടുന്നത്. വെറും നാല് മത്സരങ്ങളാണ് ടീമിനായി കളത്തിലിറങ്ങിയിട്ടുള്ളു എന്നതാണ് ശ്രദ്ധേയം. പരുക്കു മൂലം ഭൂരിഭാഗ സമയവും പുറത്തായിട്ടും കിരീടനേട്ടങ്ങള്‍ ആഘോഷിക്കുന്ന നെയ്മറെയാണ് ആരാധകര്‍ കാണുന്നത്.
ക്ലബ്ബിനായി 72 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 66 ഗോളുകളും 16 അസിസ്റ്റുകളും നേടിയിട്ടുണ്ട്. വ്യക്തിഗതമായി ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ഒരു ട്രോഫി താരത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. നിരവധി ടൂര്‍ണമെന്റുകളാണ് ക്രിസ്റ്റിയാനോ അല്‍നസറിനൊപ്പം കളിച്ചത്. അതില്‍ ഒരു ഫ്രണ്ട്‌ലി ട്രോഫി മാത്രമാണ് അല്‍ നസറിന് നേടാനായത്.
മൂന്ന് സൗദി സൂപ്പര്‍കപ്പ്, രണ്ട് സൗദി പ്രോ ലീഗ്, ഒരു എ.എഫ്.സി ചാംപ്യന്‍സ് ലീഗ്, ഒരു റിയാദ് സൂപ്പര്‍ കപ്പ്, ഒരു റിയാദ് സീസണ്‍ കപ്പ് ഇവയെല്ലാം റൊണോള്‍ഡോക്കൊപ്പം അല്‍ നസര്‍ കൈവിട്ട കിരീടങ്ങളാണ്.
സൂപ്പര്‍ കപ്പ് ഫൈനലില്‍ 44ാം മിനുട്ടില്‍ ഗോള്‍ നേടി ക്രിസ്റ്റിയാനോ അല്‍നസറിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം മിനുട്ടില്‍ നാല് ഗോള്‍ തിരിച്ചടിച്ച അല്‍ ഹിലാലിന് മുമ്പില്‍ റോണോയും സംഘവും നിരുപാധികം കീഴടങ്ങി.
മറുഭാഗത്ത് നെയ്മര്‍ ജൂനിയര്‍ വെറും നാല് മത്സരങ്ങളാണ് ഇതുവരെ അല്‍ ഹിലാലിനായി കളത്തിലിറങ്ങിയത്. രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ക്ലബ്ബിനായി താരത്തിന്റെ സമ്പാദ്യം.
പരുക്കേറ്റ് ഒരു വര്‍ഷത്തോളമായി കളത്തിനു പുറത്തുള്ള നെയ്മര്‍ അടുത്ത മാസം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ അല്‍ ഇത്തിഹാദിന് എതിരായ അല്‍ ഹിലാലിന്റെ മത്സരത്തില്‍ നെയ്മര്‍ കളിക്കും എന്നാണ് ക്ലബുകായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 19നാണ് അല്‍ ഹിലാല്‍ – അല്‍ ഇത്തിഹാദ് പോരാട്ടം. അവസാന രണ്ടു മാസമായി നെയ്മര്‍ പരിശീലനം നടത്തുന്നുണ്ട്. എന്നാല്‍ നെയ്മറിന് പ്രീസീസണ്‍ മത്സരങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല.