ഓഗസ്റ്റ് 15- രാജ്യമെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടുന്ന ദിനം. എന്നാൽ ഈ ആഘോഷ വേളയിലും ക്രിക്കറ്റ് ആരാധകർക്കുള്ളിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ടാവണം. കാരണം ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് ഇന്നേക്ക് നാല് വർഷം പിന്നിടുകയാണ്. 2020ൽ രാജ്യം 74ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു ധോണി തന്റെ വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചത്.
സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് 7.29ന് ആയിരുന്നു ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.
ഇന്ന് രാത്രി 7:29 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം വിജയങ്ങൾ കൈവരിച്ച നായകൻ എന്ന ഖ്യാതിയോടെയാണ് മഹേന്ദ്രസിങ് ധോണി ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.
2019 ജൂലായ് 9ന് ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമിയിൽ ന്യൂസീലന്‍ഡിനെതിരായ മത്സരമാണ് ധോണി അവസാനമായി കളിച്ചത്. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണി കളിച്ചിട്ടില്ല. ഇന്ത്യ പരാജയപ്പെട്ട ഈ മത്സരം അവസാനിക്കുമ്പോൾ സമയം രാത്രി 7:29 ആയിരുന്നു. ഇതു കൊണ്ടാണ് വിരമിക്കാനുള്ള സമയവും ധോണി ഇതു തന്നെ തിരഞ്ഞെടുത്തത്.
ധോണിക്കു തൊട്ടുപിന്നാലെ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന കരിയറില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് നയിച്ച ഇതിഹാസ നായകനായിരുന്നു ധോണി.
ഐ. സി. സി യുടെ എല്ലാ കിരീടങ്ങളും നേടിയ ഏക നായകനാണ് ധോണി. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവയെല്ലാം ഇന്ത്യ സ്വന്തമാക്കിയപ്പോൾ നായകൻ ധോണിയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ആരാധകരുടെ തലയായി താരം ഐ. പി. എല്ലിൽ ഇപ്പോഴും കളിക്കുന്നുണ്ട്. അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനായി ധോണി പാഡണിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ.