ഒളിംപിക്‌സ് ഹോക്കിയില്‍ കലാശപ്പോര് സ്വപ്‌നം കണ്ട് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 10.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മനിയാണ് എതിരാളികള്‍.
ഇന്ന് ജയിച്ചാല്‍ കുറഞ്ഞപക്ഷം ഇന്ത്യക്ക് വെള്ളി മെഡലുമായിട്ടെങ്കിലും മടങ്ങാനാകും.
ടോക്കിയോയിലെ വെങ്കലമെഡല്‍ നേട്ടത്തില്‍നിന്ന് ഒരുപടി മേലേക്കു കയറണമെങ്കില്‍ ഇന്ന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.
1960 റോം ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനം റണ്ണറപ്പുകളായത്.
പത്തുപേരായി ചുരുങ്ങിയിട്ടും ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
ഷൂട്ടൗട്ടില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യയ്ക്കു സെമിബര്‍ത്ത് സമ്മാനിച്ചത്.
ബ്രിട്ടനെതിരെ 10 അവിശ്വസനീയ സേവുകള്‍ നടത്തിയ ശ്രീജേഷ് പെനാൽറ്റി ഷൂടൗട്ടിൽ ഒരു ഷോട്ടും തടുത്തിട്ടു.
പാരീസ് ഒളിമ്പിക്‌സിനു മുന്നോടിയായി ജര്‍മനിയുമായി നടന്ന ആറു സന്നാഹമത്സരങ്ങളില്‍ അഞ്ചിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഹോളണ്ടും സ്‌പെയിനും തമ്മിലാണ് മറ്റൊരു സെമി.