ഡ്യൂറണ്ട് കപ്പിന്റെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരമാണ് സമനിലയിൽ കലാശിച്ചത്. 1-1 എന്ന സ്കോറിനായിരുന്നു മത്സരം അവസാനിച്ചത്. ഒരു ഗോളിന് പിറകിൽനിന്ന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നത്. ഇരു ടീമുകളും ശക്തരായിരുന്നതിനാൽ ആദ്യ പകുതിയിൽ അക്രമണ പ്രത്യാക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സും പഞ്ചാബും കളംനിറഞ്ഞ് കളിച്ചു.
ഒടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് ലൂക്ക മെയ്സൻ പഞ്ചബിനായി ഗോൾ നേടി. ഇതോടെ ആദ്യ പകുതിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിലായി. ഒരു ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സ് 56ാം മിനുട്ടിൽ ഗോൾ മടക്കി സമനില പിടിച്ചു. 56ാം മിനുട്ടിൽ പെപ്രയുടെ പാസിൽനിന്ന് അയ്മനായിരുന്നു മഞ്ഞപ്പടയുടെ സമനില ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകളും വിജയഗോളിനായി പൊരുതിക്കളിച്ചു കൊണ്ടിരുന്നു.
എന്നാൽ പിന്നീട് ആർക്കും ഗോളൊന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 55 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ബ്ലാസ്റ്റേഴ്സായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്.
12 ഷോട്ടുകളായിരുന്നു ബ്ലാസ്റ്റേഴ്സ് എതിർ പോസ്റ്റിലേക്ക് തൊടുത്തത്. അതിൽ മൂന്നെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 45 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച പഞ്ചാബ് ഒൻപത് ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത എട്ടു ഗോളിന് തോൽപ്പിച്ചിരുന്നു. ശനിയാഴ്ച സി.ഐ.എസ്.എഫിനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.