വനിതാ ഏഷ്യൻ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. സെമി ഫൈനലിൽ ബംഗ്ലാദേശിനെ പത്തു വിക്കറ്റിന് തോൽപിച്ചായിരുന്നു ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലെ എല്ലാ മത്സരത്തിലും മികച്ച ജയം നേടിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ബാറ്റർമാരും ബൗളർമാരും ഇന്ത്യക്കായി ഫോം നിലനിർത്തുന്നതിനാൽ ഇന്ന് ലങ്കയെ തകർത്ത് കിരീടത്തിൽ മുത്തമിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്.
രണ്ടാം സെമി ഫൈനലിൽ പാകിസ്ഥാനെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ശ്രീലങ്ക ഫൈനൽ ടിക്കറ്റുറപ്പിച്ചത്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റായതിനാൽ ലങ്കക്ക് ഇന്നത്തെ മത്സരത്തിൽ ഗാലറി സപ്പോർട്ട് കൂടുതലായിരിക്കും. എങ്കിലും പൊരുതി ജയിക്കാനുറച്ചാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഗ്രൂപ്പ്ഘട്ടത്തിലെ മൂന്ന് മത്സരത്തിലും മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേയുള്ള മത്സരവും അനായാസം ജയിച്ചു കയറാൻ കഴിഞ്ഞു.
ഓപണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥനയും മികച്ച ഫോമിലാണെന്നുള്ളതാണ് ഇന്ത്യക്ക് തുണയായത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഏഴു വിക്കറ്റിന് തോൽപിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ യു.എ.ഇയിയെ 78 റൺസിനും കീഴടക്കി. മൂന്നാം മത്സരത്തിൽ നേപാളിനെതിരേ 82 റൺസിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യ നേടിയത്. സെമിയിൽ പത്തു വിക്കറ്റിന്റെ പത്തരമാറ്റ് വിജയവുമായിട്ടായിരുന്നു നീലപ്പടയുടെ ഫൈനലിലേക്കുള്ള റോയൽ എൻട്രി.