ഇന്റർ മിയാമിക്കൊപ്പമുള്ള മത്സരങ്ങൾ നഷ്ടമാകും
കോപാ അമേരിക്ക ഫൈനൽ മത്സരത്തിനിടെ പരുക്കേറ്റ മെസ്സി ഒരു മാസത്തോളം പുറത്തിരിക്കും. കണങ്കിലിന്റെ ലിഗ്മെന്റ് പൊട്ടിയതിനാൽ നാൽപത് ദിവസമെങ്കിലും വിശ്രമം വേണ്ടിവരും. ഇക്കാലയളവിൽ കൃത്യമായ ചികിത്സയും ചെയ്താൽ മാത്രമേ താരത്തിന് ഉടൻ കളത്തിലേക്ക് തിരിച്ചു വരാൻ സാധിക്കൂ. കോപാ അമേരിക്ക കിരീടം നേടിയതിന് ശേഷം മെസ്സി ടീമിനൊപ്പം അർജന്റീനയിലേക്ക് പറന്നിട്ടില്ല.
താരം ഫ്‌ളോറിഡയിലുള്ള വീട്ടിലേക്കാണ് മടങ്ങിയത്. മെസ്സിയുടെ പരുക്കുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ ഇന്റർ മിയാമി അധികൃതർ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. താരത്തിന് ഇന്റർ മിയാമിക്കൊപ്പമുള്ള അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നായിരുന്നു ഇന്റർ മിയാമി അധികൃതർ വ്യക്തമാക്കിയതായി യു.എസ്.എ ടുഡേ റിപ്പോര്ർട്ട് ചെയ്തു. ഇന്റർമിയാമി പരിശീലകൻ പരിശീലകൻ ജെറാർഡോ ടാറ്റ മാർട്ടിനോയാണ് ഇക്കാര്യം അറിയിച്ചത്.
ടീം ഡോക്ടർമാർ മെസ്സിയെ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ രാവിലെ ടൊറന്റോ എഫ്.സിക്കെതിരെയും ശനിയാഴ്ച ചിക്കാഗോ ഫയറിനെതിരെയും ഇന്റർ മയാമിക്ക് മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സരങ്ങളിലും മെസ്സി ടീമിലുണ്ടാകില്ല. കൂടുതൽ പരിശോധനകൾ നടത്തിയാലെ താരത്തിന് കൂടുതൽ വിശ്രമം വേണ്ടിവരുമോ എന്ന കാര്യം കൃത്യമായി അറിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
15ന് കൊളംബിയക്കെതിരേയുള്ള ഫൈനലിന്റെ ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ കാലിൽ പരുക്കേറ്റത്. രണ്ടാം പകുതിയിൽ പരുക്കുമായി മെസ്സി കളിക്കാൻ ശ്രമിച്ചെങ്കിൽ താരത്തിന് തുടരാൻ കഴിയാത്തതിനാൽ മെസ്സിയെ പരിശീലകൻ സ്‌കലോനി പിൻവലിക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ അധിക സമയത്ത് ലൗതാരോ മാർട്ടിനസ് നേടിയ ഗോളിന്റെ കരുത്തിലായിരുന്നു അർജന്റീന തുടർച്ചയായ രണ്ടാം തവണയും കോപാ അമേരിക്ക കിരീടം ചൂടിയത്.