അർജന്റീനയുടെ ഓരോ മത്സരങ്ങൾക്കും ടൂർണമെന്റുകളിലെയും താരങ്ങളുടെ വേഗതയാർന്ന നീക്കങ്ങൾക്കും പാസുകൾക്കും ഗോളുകൾക്കും പിന്നിൽ പ്രവർത്തിക്കുന്ന കാലുകളെ നിയന്ത്രിക്കുന്നത് ലയണൽ സ്‌കലോനിയെന്ന തന്ത്രശാലിയുടെ തലയാണ്. എന്നാൽ ഓരോ മത്സരങ്ങൾക്കിറങ്ങുമ്പോളും വിവിധ രീതിയിൽ ഒരുക്കി വെക്കുന്ന താരങ്ങളുടെ തലക്ക് പിന്നിൽ പ്രവർത്തിക്കുന്ന കൈകൾ ആരുടേതാണ്.
ഓരോ താരങ്ങളും വിവിധ ഹെയർ സ്‌റ്റൈലുകളിൽ വിവിധ രീതിയിലായിരിക്കും ഓരോ മത്സരത്തിനും കളത്തിലിറങ്ങുക. ലോകകപ്പ് കളിച്ച ഹെയർ സ്റ്റൈലിലായിരുന്നില്ല അർജന്റീനയിലെ ഓരോ താരവും കോപാ അമേരിക്ക ടൂർണമെന്റിനിറങ്ങിയത്. കോപാ അമേരിക്കയിൽ തന്നെ രണ്ട് തവണ ഹെയർ സ്റ്റെയിൽ മാറ്റിയവരുമുണ്ട്. ഫൈനൽ വരെ ഡീ പോളിന് ഒരു സ്‌റ്റൈലായിരുന്നെങ്കിൽ ഫൈനലിൽ പുതിയ രീതിയിൽ മുടി വെട്ടിയൊതുക്കിയായിരുന്നു മധ്യനിര താരം എത്തിയത്.
https://www.instagram.com/dany_ale_32/
അർജന്റീനൻ പതാകയുടെ ചായം പൂശിയ ഹെയർ കട്ടുമായിട്ടായിരുന്നു ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ഗോൾ വലക്ക് മുന്നിലെത്തിയത്. അങ്ങനെ എല്ലാവരും ഇഷ്മുള്ള സ്‌റ്റൈലിലും ലുക്കിലും ഒരുങ്ങിയാണ് മൈതാനത്തെത്തുന്നത്. കാലങ്ങളായി ഇവരെയെല്ലാം ഒരുക്കി വിടുന്നത് ഡാനി എന്ന സ്‌റ്റൈലിഷ് ബാർബറാണ്. വർഷങ്ങളായി അർജന്റൈൻ ടീമിന്റെ ബാർബറായ ഡാനി അലെയാണ് അർജന്റൈൻ ടീമിലെ എല്ലാവരുടെയും മുടി വെട്ടി ഒരുക്കുന്നത്.
അർജന്റീനയിൽ നിന്നു തന്നെയുള്ള ചെറുപ്പക്കാരൻ അമിൽ ബാർബർ എന്ന ബാർബർ കമ്പനി നടത്തുന്ന യുവാവാണ് അർജന്റൈൻ ടീമിലെ താരങ്ങളുടെ മുടിവെട്ടിയൊരുക്കുന്നത്. അർജന്റൈൻ ടീമിനൊപ്പം മത്സരങ്ങളുള്ള എല്ലായിടത്തേക്കും സഞ്ചരിക്കുന്ന ഡാനി രാജ്യന്തര മത്സരമില്ലാത്ത സമയത്ത് ബൊക്ക ജൂനിയേഴ്‌സ് താരങ്ങളുടെ ബാർബറായും ചിലപ്പോൾ സേവനം ചെയ്യാറുണ്ട്.
എന്തായിരുന്നാലും രണ്ട് കോപാ അമേരിക്ക കിരീടം, ഒരു ലോകകപ്പ്, ഫൈനലൈസിമ കിരീടം എന്നീ ടൂർണമെന്റുകൾ അർജന്റൈൻ താരങ്ങൾ കാലുകൊണ്ട് മായാജാലം കാണിക്കുമ്പോൾ അവരെയെല്ലാം സുന്ദരൻമാരാക്കിയിരുന്നത് ഡാനിയായിരുന്നു. താരങ്ങളുടെയെല്ലാം മുടിവെട്ടുന്ന വീഡിയോയും ഫോട്ടോയും ഡാനി എൺപതിനായിരത്തോളം വരുന്ന ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റു ചെയ്യാറുണ്ട്.