ഫുട്‌ബോളിൽ എപ്പോഴും ഹൈലൈറ്റ് ചെയ്യപ്പെടുന്നത് മുന്നേറ്റത്തിൽ വന്ന് ഗോളടിക്കുന്നവനെയാകും. പത്രങ്ങളും മാധ്യമങ്ങളും ചിത്രങ്ങൾ നൽകുന്നത് ഗോളടിച്ചവരുടേതാകും. എന്നാൽ ആ ഗോളിന് പിന്നിൽ ചരടുവലിച്ച, എതിർ ഗോൾശ്രമങ്ങളെ ജീവൻ കൊടുത്തും പ്രതിരോധിച്ച പലരെയും നാം മറക്കാറുണ്ട്. അത്തരത്തിൽ അർജന്റീനയുടെ കോപാ അമേരിക്ക കിരീട നേട്ടത്തിന് പിന്നിൽ വേദന സഹിച്ച പ്രധാനപ്പെട്ട താരങ്ങളുണ്ട്.
മധ്യനിരയിലും മുന്നേറ്റത്തിലും എണ്ണയിട്ടയന്ത്രം പോലെ പ്രവർത്തിച്ച റോഡ്രിഗോ ഡീപോൾ, പ്രതിരോധത്തിൽ റോമേറോ, ജീവൻ കൊടുത്ത് എതിർ മുന്നേറ്റത്തിന്റെ മുനയൊടിച്ച ‘ബുച്ചർ’എന്ന വിളിപ്പേരുള്ള ലിസാന്ദ്രോ മാർട്ടിനസ് എന്നിവർ ചേർന്ന് എത്രയെത്ര മുന്നേറ്റങ്ങളെയാണ് ചെറുത്ത് തോൽപിച്ചത്. എതിർ താരങ്ങളുടെ എത്രയെത്ര കൂർത്ത് മൂർത്ത മുന്നേറ്റങ്ങളെയാണ് സ്വന്തം ജീവൻ നൽകി ടാകിൾ ചെയ്ത് തോൽപിച്ചത്.
അതിന് തെളിവായി അർജന്റീന ഈ ടൂർണമെന്റിൽ വഴങ്ങിയ ഗോളും അടിച്ച ഗോളും ശ്രദ്ധിച്ചാൽ മതി. ഈ കോപയിൽ ആറു മത്സരം കളിച്ച അർജന്റീന വഴങ്ങിയത് മൂന്നേ മൂന്ന് ഗോൾ മാത്രം. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ അധ്വാനവും അർജന്റീനയുടെ കിരീട നേട്ടത്തിൽ മറക്കാൻ കഴിയാത്തതാണ്. ആറു മത്സരത്തിലെ അഞ്ചു മത്സരത്തിലും ക്ലീൻ ഷീറ്റ്, ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം ഇതിലും മികച്ചതായി ഇനി ഒന്നും അദ്ദേഹത്തിന് നേടാനില്ല.
ആറു മത്സരത്തിൽ അർജന്റീന നേടിയ ഒൻപത് ഫീൽഡ് ഗോളുകളും പ്രതിരോധത്തിൽനിന്നും മധ്യനിരയിൽ നിന്ന് ഡീ പോളും, മെസ്സിയും ഉൾപ്പെടെയുള്ള മറ്റു താരങ്ങളും ബിൽഡ് ചെയ്‌തെടുത്തവയാണ്. നിർണായക മത്സരത്തിൽ കീ പാസ് നൽകി ടീമിനെ വിജയത്തിലെക്കുന്ന പോരാളികളുടെ പേരുകൾ കൂടി ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ അർജന്റീനയുടെ വിജയം. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയെ തോൽപിച്ചായിരുന്നു അർജന്റീന തുടർച്ചയായ രണ്ടാം തവണയും കോപാ അമേരിക്ക കിരീടം നേടിയത്.
നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായി അവസാനിച്ചതിനാൽ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. അധിക സമയത്ത് 112ാം മിനുട്ടിൽ ലൗതാരോ മാർട്ടിനസിന്റെ വകയായിരുന്നു അർജന്റീനയുടെ വിജയഗോൾ പിറന്നത്. പരുക്കേറ്റതിനെ തുടർന്ന് രണ്ടാം പകുതിയിൽ മെസ്സി കളത്തിൽനിന്ന് പിൻവലിച്ചിരുന്നു. ഇന്ന് കിരീടം നേടിയതോടെ ഏറ്റവും കൂടുതൽ കോപാ കിരീടം നേടുന്ന ഖ്യാതിയും അർജന്റീന സ്വന്തം പേരിൽ എഴുതിച്ചേർത്തു. 15 തവണ കോപാ അമേരിക്ക കിരീടം നേടിയ ഉറുഗ്വയെ പിറകിലാക്കിയാണ് അർജന്റീന പുതിയ റെക്കോർഡ് സ്ഥാപിച്ചത്.