കോപാ അമേരിക്ക ടൂർണമെന്റിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച. ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽപോലും മതിയായ സുരക്ഷയില്ലാതെ നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്. ആരാധകർ തള്ളിക്കയറിത് കാരണം ഒന്നര മണിക്കൂറായിരുന്നു മത്സരം വൈകിയത്. ഇങ്ങനെയാണെങ്കിൽ ഇവിടെ ലോകകപ്പ് മത്സരം എങ്ങനെ സംഘടിപ്പിക്കുമെന്നാണ് ഫുട്‌ബോൾ ആസ്വാദകർ ചോദിക്കുന്നത്.
2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായിട്ടാണ് ഫുട്‌ബോൾ ലോകകപ്പ് നടക്കുന്നത്. അതിനാൽ ഈ രീതിയിലാണെങ്കിൽ ടൂർണമെന്റ് വൻ ഫ്‌ളോപ്പാകുമെന്നും പലരും നിരീക്ഷിച്ചു. അതേസമയം ഖത്തറിൽ നടന്ന ലോകകപ്പിനെ പിന്തുണച്ചും പലരും രംഗത്തെത്തി. ലക്ഷക്കണക്കിന് ആളുകൾ ഉണ്ടായിട്ടും ഒറ്റ മത്സരത്തിന് പോലും സുരക്ഷ വീഴ്ചയോ ഉണ്ടായിട്ടില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തി പഴുതടച്ച സുരക്ഷയിലാരുന്നു ഖത്തർ ലോകകപ്പ് മത്സരം പൂർത്തിയായത്.
ലോകകപ്പ് ഏറ്റവും മികച്ചതാക്കി പൂർത്തിയാക്കിയതിന് ഫിഫ ഖത്തറിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ടിക്കറ്റില്ലാത്തത് കാരണം സ്‌റ്റേഡിയത്തിലേക്ക് കാണികൾ തള്ളിക്കയറിയത് കാരണം കോപാ അമേരിക്കയുടെ ഫൈനൽ മണിക്കൂറുകളോളമാണ് വൈകയത്. ഇന്ത്യൻ സമയം 5.30നു തുടങ്ങേണ്ടിയിരുന്ന മത്സരം ഏറെ നേരം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നിമിഷങ്ങൾക്കുമൊടുവിൽ ഒന്നര മണിക്കൂറോളം വൈകി 6.55നാണ് ആരംഭിച്ചത്.
ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിലേക്ക് അനധികൃതമായി കയറാൻ ശ്രമിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇവരെ നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നതോടെ മത്സരം വൈകുമെന്ന് മുന്നറിയിപ്പ് വന്നു. ആദ്യം 30 മിനുട്ട് വൈകുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. എന്നാൽ പിന്നീട് ഒന്നര മണിക്കൂറിന് ശേഷമായിരുന്നു മത്സരം വൈകിയത്.