കാൽപന്തുകളിയുടെ മറ്റൊരു ചരിത്രം കൂടി നാളെരാവിലെ തിരുത്തിയെഴുതുകയാണ്. സാക്ഷാൽ ലയണൽ മെസ്സിയിലൂടെ തന്നെയാണ് അതും പിറവികൊള്ളുന്നത്.ലോക ഫുട്ബോളിലെ റെക്കോർഡുകളെല്ലാം തന്റെ കാൽ കീഴിലാക്കുന്ന മിശിഹാ ഒരു പുത്തൻ റെക്കോർഡ് കൂടി തന്റെ ഫുട്ബോൾ ചരിത്ര പുസ്തകത്തിലേക്ക് എഴുതിച്ചേർക്കുന്ന ദിമാണ് നാളെ. നാളെ കൊളംബിയക്കെതിരെ ഹാർട്ട് റോക്ക് സ്റ്റേഡിയത്തിൽ മിശിഹാ ബൂട്ട് കെട്ടുമ്പോൾ അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായി ഏഴു ഫൈനലുകൾക്ക് ബൂട്ട് കൂട്ടുകെട്ടുന്ന ആദ്യ താരം എന്ന നേട്ടമാണ് പിറവി കൊള്ളുന്നത്.
ബ്രസീലിയൻ ഇതിഹാസങ്ങളായ കഫുവിന്റെയും, കാർലോസിന്റെയും ആറു അന്താരാഷ്ട്ര ഫുട്ബോൾ ഫൈനലുകൾ എന്ന നേട്ടമാണ് മെസ്സി നാളെ കൊളംബിയക്കെതിരെയുള്ള ഫൈനലിലൂടെ മറികടക്കുന്നത്. ഇതിനുമുമ്പ് 2007,2015,2016,2021 വർഷങ്ങളിൽ കോപ്പ അമേരിക്ക ഫൈനലുകളിലും,2014,2022 വർഷങ്ങളിൽ ഫുട്ബോൾ ലോകകപ്പ് ഫൈനലുകളിലും ബൂട്ട് കെട്ടിയ മിശിഹാ തന്റെ ആദ്യ നാലു ഫൈനലുകളിലും( 2007,2015,2016 കോപ്പ അമേരിക്ക) (2014 ഫുട്ബോൾ ലോകകപ്പ് )തോൽവിയുടെ കയ്പ്പുനീർ കുടിച്ചിരുന്നു.
എന്നാൽ ചാരത്തിൽ നിന്ന് ഉയർന്ന പൊങ്ങിയ ഫീനിക്സ് പക്ഷിയെ പോലെ അവൻ 2021 മുതൽ തനിക്ക് നഷ്ടപ്പെട്ട അന്താരാഷ്ട്ര കിരീടം നേട്ടങ്ങളെ തന്റെ കാൽകീഴിൽ കൊണ്ടെത്തിച്ചു. തന്റെ രാജ്യം വർഷങ്ങളായി കൊതിച്ചിരുന്ന ഫിഫ ലോകകപ്പും(2022),കോപ്പ അമേരിക്കയും(2021),ഫൈനൽസീമയും അടക്കം എല്ലാം അവൻ നേടിയെടുത്തു
. ഫുട്ബോൾ ചരിത്രത്തിൽ അവൻ റെക്കോർഡുകളുടെ പുതിയ ചരിത്രം തന്നെ സൃഷ്ടിക്കുകയാണ്. നാളെ രാവിലെ നടക്കുന്ന കോപാ അമേരിക്ക ഫൈനലിൽ കൊളംബിയയും അർജന്റീനയുമാണ് ഏറ്റുമുട്ടുന്നത്. തുടർച്ചയായ രണ്ടാം കിരീടം തേടിയാണ് മെസ്സിയും സംഘവും കളത്തിലിറങ്ങുന്നത്. രണ്ടാം കോപാ അമേരിക്ക കിരീടം ലക്ഷ്യമിട്ടാണ് ജെയിംസ് റോഡ്രിഗസും ടീം എത്തുന്നത്.