നായകന്‍ രോഹിത് ശര്‍മ വിരമിച്ചതോടെ ആശങ്കയിലായ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. ടി20യില്‍ നീല ജഴ്‌സിയില്‍ മറ്റൊരു ശര്‍മ അവതരിച്ചിരിക്കുന്നു. സിംബാബ്‌വെക്കെതിരായ ആദ്യ മത്സരത്തില്‍ ഡക്കായ അഭിഷേക് ശര്‍മയെ നോക്കി പരിഹസിച്ചവര്‍ ഇനി വിരല്‍ കടിക്കട്ടെ. പൂര്‍വാധികം ശക്തിയോടെ അയാള്‍ അവതരിച്ചിരിക്കുന്നു. അതും വെടിക്കെട്ട് സെഞ്ചുറിയുമായി. രോഹിതും കോഹ്ലിയും വിരമിച്ച ഒഴിവിലേക്ക് പുതിയ ഓപ്പണര്‍മാരെ തേടുന്ന ഇന്ത്യന്‍ സെലക്ടര്‍മാക്ക് മുന്നില്‍ അയാള്‍ തന്റെ സ്ഥാനം ഒപ്പിട്ടു വാങ്ങിയിരിക്കുന്നു.
ആദ്യ മത്സരത്തിലെ പരാജയക്കണക്ക് തീര്‍ക്കാനിറങ്ങിയ ഇന്ത്യക്കായി 46 പന്തില്‍ എട്ടു സിക്‌സറും ഏഴു ഫോറും ഉള്‍പ്പെടെയായിരുന്നു അഭിഷേക് സെഞ്ചുറി തികച്ചത്. അഭിഷേക് മികവില്‍ ഇന്ത്യ നൂറ് റണ്‍സിന് മത്സരം വിജയിക്കുകയും ചെയ്തു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പര 1-1ന് സമനിലയിലായി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സായിരുന്നു കണ്ടെത്തിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സെടുത്തു.
തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും ഭയം തെല്ലുമില്ലാതെ അഭിഷേക് ആഞ്ഞടിച്ചു. കൂടെ കട്ടക്ക് പിന്തുണയുമായി ഋതുരാജ് ഗെയ്ക്വാദും ഉറച്ചു നിന്നതോടെ സിംബാബ്‌വെ ബൗളര്‍മാര്‍ വിയര്‍ത്തു. ഒടുവില്‍ സെഞ്ചുറി തികച്ചാണ് അഭിഷേക് മടങ്ങിയത്. വെല്ലിങ്ടന്‍ മസകട്‌സയുടെ പന്തില്‍ ഡിയോണ്‍ മയര്‍സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ഗെയ്ക്വാദ് 47 പന്തുകളില്‍നിന്ന് 77 റണ്‍സെടുത്തു പുറത്താകാതെനിന്നു. 22 പന്തുകള്‍ നേരിട്ട റിങ്കു സിങ് 48 റണ്‍സുമായി തിളങ്ങി. അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെട്ടതായിരുന്നു റിങ്കു സിങ്ങിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാലു പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്തു പുറത്തായി. മുസരബാനിയുടെ പന്തില്‍ ബ്രയന്‍ ബെന്നറ്റ് ക്യാച്ചെടുത്താണ് ഗില്ലിനെ മടക്കിയത്. മത്സരത്തിന്റെ ആദ്യ പത്തോവറുകളില്‍ 74 റണ്‍സെടുത്ത ഇന്ത്യ പിന്നീടുള്ള 10 ഓവറില്‍ അടിച്ചത് 160 റണ്‍സാണ്.
മറുപടിക്കിറങ്ങിയ സിംബാബ്‌വെയെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. സ്‌കോര്‍ നാലില്‍ നില്‍ക്കെ സിംബാബ് വെയുടെ ആദ്യ വിക്കറ്റ് വീണു. മുകേഷ് കുമാറിന്റെ പന്തില്‍ ബൗള്‍ഡായി ഇന്നസന്റ് കിയായിരുന്നു ആദ്യം മടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആതിഥേയരുടെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 39 പന്തില്‍ 43 റണ്‍സെടുത്ത വെല്‍സ്ലി മാധ്‌വെറേയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ്് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്നും രവി ബിഷ്‌ണോയി രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.