യൂറോകപ്പില്‍ നിന്ന് ആതിഥേയരായ ജര്‍മനി പുറത്ത്. ആവേശം അധിക സമയത്തിന്റെ അവസാന മിനുട്ട് വരെ നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനാണ് ജര്‍മനിയെ പുറത്തിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. മത്സം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്ന് തോന്നിപ്പിച്ചെങ്കിലും 119ാം മിനുട്ടില്‍ ജര്‍മനിയെ ഞെട്ടിച്ച് മൈക്കില്‍ മറിനോ വലകുലുക്കുകയായിരുന്നു.
ഇരു ടീമുകളും ശ്രദ്ധയോടെയായിരുന്നു മത്സരത്തില്‍ കരുനീക്കങ്ങള്‍ തുടങ്ങിയത്. ആക്രമണ പ്രത്യാക്രമണങ്ങളുമായി ആദ്യ പകുതിയില്‍ ഇരുടീമുകളും കളംനിറഞ്ഞു കളിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്പെയിന് ലീഡെടുത്തു. 51ാം മിനുട്ടില്‍ യുവതാരം ലാമിനെ യമാല്‍ നല്കിയ പാസില്‍നിന്ന് ഡാനി ഒല്മോയായിരുന്നു ഗോള്‍ സ്കോറര്‍. ഒരു ഗോള്‍ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സ്പെയിന് തുടരെ ജര്‍മനിയുടെ ഗോള്‍മുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു.
ലഭിച്ച അവസരത്തിലെല്ലാം ജര്‍മനിയും ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ ജര്‍മനിയുടെ ശ്രമം ഫലം കണ്ടു. 89ാം മിനുട്ടില്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഫ്ളോറിയാന്‍ വിട്സ് ഗോള്‍ നേടിയതോടെ മത്സരം സമനിലയിലായി. ഇതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. അധിക സമയത്ത് രണ്ട് ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമായിരുന്നു പുറത്തെടുത്തത്. ഒടുവില്‍ 119ാം മിനുട്ടില്‍ മൈക്കല്‍ മറിനോയിലൂടെ സ്പെയിന് രണ്ടാം ഗോള്‍ നേടി.
സ്കോര്‍ 2-1. വീണ്ടും സമനിലക്കായി ജര്‍മനി പൊരുതി നോക്കിയെങ്കിലും സ്പെയിന് പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ച ഡാനി കര്വഹാള് ചുവപ്പ് കാര്‍ഡ് ലഭിച്ച് മടങ്ങുകയും ചെയ്തു. അധിക സമയത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു കര്വഹാള് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.