പോർച്ചുഗൽ ഗോൾകീപ്പർ ഡിയ ഗോ കോസ്റ്റയുടെ കരുത്തിന് മുന്നിൽ വീണ് സ്ലോവേനിയ. പുലർച്ചെ നടന്ന യൂറോ കപ്പിൻ്റെ പ്രീ ക്വാർട്ടറിൽ പെനാൽറ്റിയിൽ സ്ലോവേനിയയെ വീഴ്ത്തിയ പോർച്ചുഗൽ ക്വാർട്ടറിൽ പ്രവേശിച്ചു. കുഞ്ഞൻ ടീമായിരുന്നിട്ടും പോർച്ചുഗലിൻ്റെ മുന്നേറ്റത്തിന് മുന്നിൽ മുട്ടുമടക്കാൻ തയ്യാറാകാതിരുന്ന സ്ലോവേനിയ പറങ്കിപ്പടയെ വരച്ച വരയിൽ നിർത്തി. ലഭിച്ച അവസരത്തിലെല്ലാം പോർച്ചുഗീസ് ഗോൾ മുഖം അക്രമിക്കാനും സ്ലോവേനിയ മറന്നില്ല. 73 ശതമാനവും പന്ത് പോർച്ചുഗലിൻ്റെ വരുതിയിലായിരുന്നു. എങ്കിലും സ്ലോവേനിയൻ വല കുലുക്കാൻ പോർച്ചുഗലിനായില്ല. 20 ഷോട്ടുകളായിരുന്നു പോർച്ചുഗൽ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ആറെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. സ്ലോവേനിയ പത്ത് ഷോട്ടും തിരിച്ചടിച്ചു. എന്നിട്ടും ഗോൾ മാത്രം പിറന്നില്ല. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെ മത്സരം ഗോൾ രഹിതമായി അവസാനിച്ചു. തുടർന്നായിരുന്നു പോരാട്ടം പെനാൽറ്റിയിലെത്തിയത്. പെനാൽറ്റിയിൽ 3-0 എന്ന സ്കോറിനായിരുന്നു പോർച്ചുഗലിൻ്റെ ജയം. സ്ലോവേനിയയുടെ മൂ ന്ന് പെനാൽറ്റി കിക്കുകൾ തടഞ്ഞ ഹോൾകീപ്പർ ഡിയ ഗോ കോസ്റ്റയായിരുന്നു പോർച്ചുഗലിൻ്റെ വിജയശിൽപി. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ജയിച്ചതോടെ ഫുട്ബോൾ ആസ്വാദകർക്ക് ക്വാർട്ടറിൽ ഫ്രാൻസും പോർച്ചുഗലും തമ്മിലുള്ള ത്രില്ലർ പോരാട്ടം വീക്ഷിക്കാം.
ഇന്നലെ നടന്ന മറ്റൊരു പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ശക്തൻമാരുടെ പോരാട്ടത്തിൽ എതിതില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസ് ക്വാർട്ടർ ടിക്കറ്റുറപ്പിച്ചത്. 85ാം മിനുട്ടിൽ ബെൽജിയം താരം വെർട്ടോഗ്റെ സെൽഫ് ഗോളായിരുന്നു ഫ്രഞ്ച് പടക്ക് കരുത്തായത്.
ജയം അനിവാര്യമായതിനാൽ ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളും തുടങ്ങിയത്. അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചു. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതിരുന്നതോ മത്സരം ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും രണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്തി. ലുകാക്കുവിനും ഫ്രഞ്ച് താരങ്ങൾക്കും ഗോളിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഒടുവിൽ മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സെൽഫ് ഗോൾ പിറന്നത്.