ഐ.എസ്.എല്ലിന്റെ 11ാം സീസണ് ഇന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുന്നു. ആദ്യ മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ മോഹൻ ബഗാനും ചാംപ്യൻമാരായ മുംബൈ സിറ്റിയും തമ്മിലാണ് പോരാട്ടം. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11ാം പതിപ്പിന് വിസിൽ മുഴങ്ങുമ്പോൾ 13 ടീമുകളാണ് കിരീട ലക്ഷ്യവുമായി കളത്തിലെത്തുന്നത്.
ഇത്തവണ ഐ ലീഗിൽനിന്ന് ചാംപ്യൻമാരായ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ മുഹമ്മദൻസാണ് ഐ.എസ്.എല്ലിലെ പുതുമുഖക്കാർ. കിരീടം നേടുക എന്ന ലക്ഷ്യത്തോടെ ഇത്തവണ വിവിധ ടീമുകൾ പ്രധാനപ്പെട്ട താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. പല ക്ലബുകളും വൻ തുക മുടക്കിയാണ് പല വിദേശ താരങ്ങളേയും ടീമിലെത്തിച്ചിരിക്കുന്നത്. മോഹൻ ബഗാന്റെ
ആസ്‌ത്രേലിയൻ താരങ്ങളായ ജെയ്മി മക്ലാരൻ, ജേസൺ കമിൻസ്, എഫ്.സി. ഗോവയുടെ അൽബേനിയൻ താരം അർമാൻഡോ സാദിക്കു, ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് മുന്നേറ്റനിരക്കാൻ ജെസ്യൂസ് ജിമെനെസ്, ബംഗളൂരു എഫ്.സി യുടെ അർജന്റൈൻ താരം യോർഗെ പെരേര ഡയസ്, ഒഡിഷ എഫ്.സി.യുടെ ഫിജി താരം റോയ് കൃഷ്ണ, മുംബൈ സിറ്റിയുടെ ഗ്രീക്ക് താരം നിക്കോളാസ് കരെലിസ്,
ഈസ്റ്റ് ബംഗാളിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിവർ വിവിധ ടീമുകൾക്ക് ശക്തി പകരാനുണ്ട്. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ മാന്ത്രികൻ അഡ്രിയാൻ ലൂണ നോഹ സദോയി എന്നിവരും കരുത്തുറ്റ വിദേശ താരങ്ങളായി ഇത്തവണ ലീഗിൽ കളിക്കുന്നുണ്ട്. ലീഗിന്റെ സുഖമമായ നടത്തിപ്പിനും വേണ്ടി ഇത്തവണ നാലു പുതിയ നിയമങ്ങൾ ലീഗിൽ നടപ്പാക്കുന്നുണ്ട്.
പുതിയ നിയമങ്ങൾ
ഇന്ത്യൻ സഹപരിശീലകൻ
ഇത്തവണ ഐ.എസ്.എല്ലിൽ നാലു പുതിയ നിയമങ്ങൾകൂടി കൊണ്ടു വന്നിട്ടുണ്ട്. എല്ലാ ടീമുകൾക്കും എ.എഫ്.സി പ്രോ ലൈസൻസുള്ള ഇന്ത്യൻ സഹ പരിശീലകൻ വേണമെന്നതാണ് ആദ്യത്തെ നിയമം. മുഖ്യപരിശീലകന്റെ അഭാവത്തിൽ ടീമിന്റെ ചുമതല ഇന്ത്യൻ സഹപരിശീലകനാകും. ഇന്ത്യൻ പരിശീലകരുടെ കഴിവ് വർധിപ്പിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നത്.
ചുവപ്പ് കാർഡിന് അപ്പീൽ
തെറ്റായ തീരുമാനത്തിലൂടെയാണ് റഫറി ചുവപ്പ് കാർഡ് നൽകിയതെങ്കിൽ അതിന് അപ്പീൽ നൽകാം. എ.ഐ.എഫ്.എഫ് നടപ്പിലാക്കിയ ഈ നിയമം, അന്യായമായ സസ്‌പെൻഷനുകളുടെ എണ്ണം കുറയ്ക്കാനും ഗെയിമിന്റെ മൊത്തത്തിലുള്ള നില മെച്ചപ്പെടുത്താനും കാരണമാകുമെന്നാണ് പ്രതീക്ഷ.
കൺകഷൻ പകരക്കാരൻ
ഏതെങ്കിലും ഒരു താരത്തിന് തലക്ക് പരുക്കേൽക്കുകയാണെങ്കിൽ അധിക സബ്സ്റ്റിറ്റിയൂഷൻ നടത്താൻ ടീമുകളെ അനുവദിക്കും. കൂടാതെ, എതിർ ടീമിന് ഒരു അധിക പകരക്കാരനെയും അനുവദിക്കും. ഗുരുതര പരുക്കുകൾക്ക് ശേഷം കളിക്കുന്നത് തുടരുന്നില്ലെന്ന് ഉറപ്പുവരുത്തി കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.
യുവതാരങ്ങളുടെ ശമ്പള പരിധി
ക്ലബ്ബുകൾ അവരുടെ സ്വന്തം അക്കാദമിയിൽ വളരുന്ന മൂന്ന് അണ്ടർ23 കളിക്കാരെ നിലവിലുള്ള ശമ്പള പരിധി നിയമത്തിൽ നിന്ന് ഒഴിവാക്കണം. തുടർച്ചയായി മൂന്ന് വർഷമെങ്കിലും ഒരേ ക്ലബ്ബുമായി കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു കളിക്കാരനെ സ്വന്തം താരമായി കണക്കാക്കും. ക്ലബ്ബുകൾക്കുള്ളിൽ യുവ പ്രതിഭകളുടെ വികസനവും നിലനിർത്തലും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.