ലോകത്ത് ഏത് ടൂർണമെന്റ് നടക്കുകയാണെങ്കിലും ക്ലബുകളുടെ സ്‌കൗട്ടുകൾ അവിടെ പാഞ്ഞെത്തും. യുവതാരങ്ങളേയും ടാലന്റുകളേയും റാഞ്ചാൻ വേണ്ടിയാണിത്. നിലവിൽ യൂറോപ്പിൽ യൂറോകപ്പും അമേരിക്കയിൽ കോപാ അമേരിക്ക ടൂർണമെന്റും കൊടുമ്പിരി കൊള്ളുകയാണ്. ഈ അവസരത്തിൽ ലാറ്റിനമേരിക്കയിൽനിന്ന് മികച്ച താരങ്ങളെ തേടി യൂറോപ്പിലെ പ്രധാനപ്പെട്ട ആറു ക്ലബുകളുടെ സ്‌കൗട്ടുകൾ അമേരിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കോപാ അമേരിക്കയിൽ കളിക്കുന്ന പത്ത് സൂപ്പർ താരങ്ങളെ റാഞ്ചുന്നതിന് യൂറോപ്പിലെ വമ്പൻമാരായ ആഴ്‌സനൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടനം തുടങ്ങിയവരാണ് അമേരിക്കയിലെത്തിയിട്ടുള്ളത്. വിവിധ ക്ലബുകൾ തേടുന്ന പ്രധാനപ്പെട്ട ഒൻപത് താരങ്ങൾ ആരെല്ലാമാണെന്ന് നോക്കാം.
ജോൺ ഡുറാൻ
കൊളംബിയക്കാരനായ 20 കാരനായ മുന്നേറ്റതാരം അവസാന സീസണിൽ ആസ്റ്റൺ വില്ലക്കൊപ്പമായിരുന്നു. അവസാന സീസണിൽ വില്ലക്ക് വേണ്ടി കളിക്കാൻ താരത്തിന് കുറച്ച് അവസരം മാത്രമേ ലഭിച്ചിട്ടുള്ളു. താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി ചെൽസി നേരത്തെ തന്നെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മികച്ച ഓഫറുകൾ ലഭിക്കുകയാണെങ്കിൽ ഡുറനെ വിൽക്കാൻ വില്ല തയ്യാറാണ്.
വാലന്റിൻ കാർബോണി
താരനിബിഡമായ അർജന്റൈൻ ടീമിലെ പുതിയ താരോദയം. അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ ഭാവിയിൽ ഷോഭിക്കാൻ കഴിയുന്ന 19 കാരനെ തേടി കൂടുൽ യൂറോപ്യൻ ടീമുകൾ രംഗത്തുണ്ട്. നിലവിൽ ഇന്റർ മിലാൻ താരമായ കാർബോണി ഇറ്റാലിയൻ ക്ലബായ മോൻസക്ക് വേണ്ടി ലോണിൽ കളിക്കുകയാണ്. ലയണൽ മെസ്സിക്കൊപ്പം കോപയിൽ നിറഞ്ഞാടുഞ്ഞ താരം അടുത്ത സീസണിൽ യൂറോപ്പിലെ ഏതെങ്കിലും പ്രധാന ടീമിൽ കളിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡാരിയോ ഒസോറിയോ
ചിലിയുടെ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന താരം. നിലവിൽ ഡെൻമാർക്ക് ക്ലബിന് വേണ്ടിയാണ് 20 കാരനായ താരം കളിക്കുന്നത്. ഡെൻമാർക്ക് ക്ലബായ മിഡില്ലാൻഡിന് വേണ്ടി കളിക്കുന്ന ഒസോറിയോയെ യൂറോപ്പിലെ ഏതെങ്കിലും പ്രമുഖ ക്ലബ് റാഞ്ചുമെന്ന കാര്യത്തിൽ സംശയമില്ല.
മാലിക് ടിൽമാൻ
അവസാന സീസണിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനിലെത്തിയ അമേരിക്കയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ. സീസണിൽ 28 മത്സരത്തിൽനിന്ന് ഒൻപത് ഗോളും 11 അസിസ്റ്റും നേടിയ താരം യൂറോപ്യൻ ക്ലബുകളുടെ റഡാറിലുള്ള താരമാണ്. ലെഫ്റ്റ് വിങ്ങിലും കഴിവ് തെളിയിക്കാൻ കരുത്തുള്ള താരത്തെ അടുത്ത സീസണിൽ വലിയ ഏതെങ്കിലും ക്ലബിൽ പ്രതീക്ഷിക്കാനാകും.
വില്യൻ പാച്ചോ
ഇക്വഡോറിന്റെ 22 കാരനായ സെന്റർ ബാക്ക്. ഇടംകാലനായ സെന്റർ ബാക്ക് ഇക്വഡോറിനായി പലതും തെളിയിച്ച താരമാണ്. അതിനാൽ തന്നെ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ താരത്തെ ആൻഫീൽഡിലെത്തിക്കാൻ പ്രാഥമിക ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ബുണ്ടസ്‌ലിഗ ക്ലബായ എയ്ന്ത്രാക്ട് ഫ്രാങ്ക്ഫർട്ടിന് വേണ്ടി പാച്ചോ അവസാന സീസണിൽ മിന്നും പ്രകടനായിരുന്നു നടത്തിയത്. ഇതുകണ്ടുകൊണ്ടായിരുന്നു ലിവർപൂൾ പാച്ചോക്ക് വേണ്ടി കരുക്കൾ നീക്കിത്തുടങ്ങിയത്.
ഗ്വിയ്‌ഡോ റോഡ്രിഗസ്
അർജന്റീനൻ ടീമിലെ മറ്റൊരു താരോദയം. അവസാന സീസണിൽ റയൽ ബെറ്റിസ് താരമായിരുന്ന റോഡ്രിഗസ് ഇപ്പോൾ ഫ്രീ ഏജന്റാണ്. ഡിഫൻസീവ് മിഡിൽ മിടുക്കനായ താരത്തിന്റെമുകളിൽ വിവിധ ക്ലബുകളുടെ കണ്ണുകളുണ്ട്. ലാലിഗ കരുത്തൻമാരായ ബാഴ്‌സലോണ താരത്തിന് വേണ്ടി കരുക്കൾ നീക്കുന്നുണ്ടെന്നാണ് വിവരം.
ജോയൽ ഓർഡോനസ്
20 കാരനായ ഇക്വഡോർ സെന്റർ ബാക്ക്. കായിക ക്ഷമത കൊണ്ടും വീക്ഷണം കൊണ്ടും ഒരുപടി മുന്നിൽനിൽക്കുന്ന താരത്തിനായി പല യൂറോപ്യൻ ക്ലബുകളും രംഗത്തുണ്ട്. പ്രശസ്തമായ ഇൻഡിപെൻഡൻഡ് ഡെൽ വില്ല അക്കാദമിയുടെ ഉൽപ്പന്നമായ ജോയൽ ഭാവിയെ പ്രതിരോധ താരങ്ങളിലെ പ്രധാനിയാകുമെന്നതിൽ സംശയമില്ല. ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഷെക്ക് വേണ്ടി കളിക്കുന്ന താരം മികച്ചൊരു പ്ലേ മേക്കർകൂടിയാണ്.
എഡേഴ്‌സൻ
ബ്രസീലിന്റെ മധ്യനിരയിലെ പുതിയ താരോദയം. നിലവിൽ അറ്റ്‌ലാന്റക്കായി കളിക്കന്ന താരത്തെ വലവീശിപ്പിടിക്കാൻ ലിവർപൂൾ അടക്കമുള്ള ക്ലബുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടീമിലെത്തിക്കുകയാണെങ്കിൽ 24 കാരനെ വലിയ രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ലിവർപൂൾ.