ദേശീയ സീനിയർ വനിതാ ടി20 മത്സരത്തിൽ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റൺസ് ജയം. കേരളം ഉയർത്തിയ 125 റൺസ് മറികടക്കാൻ ഇറങ്ങിയ ഹരിയാന 105 റൺസിന് പുറത്താവുകയായിരുന്നു. 52 പന്തിൽ 60 റൺസെടുത്ത അക്ഷയയാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി അനന്യ 32 പന്തിൽ 24 റൺസും നേടി.
ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ കൂട്ടിച്ചേർക്കുന്നതിന് മുൻപെ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ഷാനിയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായെങ്കിലും പിന്നീട് എത്തിയ അക്ഷയ ക്രീസിൽ നിലയുറപ്പിച്ചതോടെ കേരളത്തിന്റെ സ്‌കോർ ഉയർന്നു. നാലാം ഓവറിൽ കേരളത്തിന് രണ്ടാം വിക്കറ്റ് നഷ്ടമായെങ്കിലും അക്ഷയ അനന്യ കൂട്ടുകെട്ട് കേരളത്തിന് തുണയായി.
ഇരുവരും ചേർന്ന് 71 പന്തിൽ 76 റൺസ് നേടി. ഹരിയാനയുടെ ഓപ്പണിങ് ബാറ്റർ റീമ സിസോദിയയെ കീർത്തിയുടെ പന്തിൽ നിത്യ ക്യാച്ചെടുത്ത് പുറത്താക്കിയാണ് കേരളം വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. കേരളത്തിന് വേണ്ടി കീർത്തിയും സജനയും രണ്ട് വിക്കറ്റ് വീതവും നജിലയും ഷാനിയും ഓരോ വിക്കറ്റ്വീതവുംനേടി.
അർദ്ധ സെഞ്ചുറിയുമായി അക്ഷയ
വിമെൻസ് ടി20യിൽ അർദ്ധ സെഞ്ചുറി നേട്ടവുമായി കേരള താരം അക്ഷയ. ലക്‌നൗവിൽ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അക്ഷയ അർദ്ധ സെഞ്ചുറി നേടിയത്. 52 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 60 റൺസാണ് താരം കരസ്ഥമാക്കിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ കേരളത്തിന് 20 റൺസിന്റെ വിജയം സമ്മാനിച്ചതും അക്ഷയയുടെ ഇന്നിങ്‌സായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ കേരളം കളി തിരികെ പിടിച്ചത് അക്ഷയയുടെ മികച്ച ബാറ്റിങ്ങിലൂടെയായിരുന്നു. കണ്ണൂർ തലശേരി സ്വദേശിയായ അക്ഷയ ചെറുപ്പം മുതലെ ക്രിക്കറ്റിൽ സജീവമാണ്. റൈറ്റ് ഹാൻഡ് ബാറ്ററും റൈറ്റ് ആം ഓഫ് സ്പിന്നറുമായ അക്ഷയ അണ്ടർ 23 ഇന്ത്യ ചലഞ്ചേഴ്‌സ് ടീമിലും അണ്ടർ19 സൗത്ത് സോൺ ടീമിലും അംഗമായിരുന്നു. തലശേരി സ്വദേശിയായ സദാനന്ദന്റെയും ഷീജയുടെയും മകളാണ് അക്ഷയ.