തുറന്ന കത്തുമായി താരം
ഒളിംപിക്‌സിലെ മെഡൽ നഷ്ടത്തിന് പിന്നാലെ തുറന്ന കത്തുമായി ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇന്നലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മൂന്ന് പേജുള്ള കുറിപ്പിലായിരുന്നു താരത്തിന്റെ ജീവിത യാത്രയേയും മെഡൽ നഷ്ടത്തെയും വിരമിക്കൽ പ്രഖ്യാപനത്തേയും കുറിച്ച് വ്യക്തമാക്കിയത്. കുറിപ്പിൽ മത്സര രംഗത്തേക്ക് തിരിച്ചു വരുന്നതിനുള്ള സൂചനയും താരം നൽകി. പൂർണമായും മത്സരിക്കാനുള്ള വാതിലുകൾ അടഞ്ഞിട്ടില്ലെന്നായിരുന്നു ഫോഗട്ട് കുറിച്ചത്.
രണ്ട് ദിവസം മുൻപായിരുന്നു ഫോഗട്ട് കായിക കോടതിൽ സമർപ്പിച്ച അപ്പീൽ തള്ളിയത്. 2032 വരെ ഗോധയിൽ തുടരാൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ മെഡൽ നഷ്ടം എല്ലാം തകർത്തെന്നും താരം കുറിച്ചു. കുറിപ്പിലൂടെ വീണ്ടും മത്സരംഗത്തേക്ക് തിരിച്ചുവന്നേക്കാമെന്ന സൂചനകളും ഫോഗട്ട് നൽകി. ”നിർഭാഗ്യകരമായ സാഹചര്യത്തിലായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ബാല്യകാല സ്വപ്നവും പിതാവിനെ നഷ്ടപ്പെട്ട ശേഷം നേരിട്ട ബുദ്ധിമുട്ടുകളും വല്ലാതെ അലട്ടി.
ഒപ്പം പാരീസിൽ വേദനയോടെ അവസാനിച്ച അസാധാരണ യാത്രയിൽ ആളുകൾ നൽകിയ പിന്തുണയും ഫോഗട്ട് കുറിപ്പിൽ രേഖപ്പെടുത്തി. ശരിയായ കാര്യത്തിന് എപ്പോഴും ഞാൻ പോരാടും, എന്റെ ഭാവി എന്തായിരിക്കണമെന്നും എന്നെ കാത്തിരിക്കുന്നത് എന്താണെന്നും എനിക്ക് പ്രവചിക്കാൻ കഴിയില്ല, ഫോഗട്ട് വ്യക്തമാക്കി.