മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രതിരോധ നിരയിലേക്ക് പുതിയ താരമെത്തുന്നു. ബയേൺ മ്യൂണിക്കിന്റെ ഡച്ച് താരം മാതിയാസ് ഡിലിറ്റിനെയാണ് യുനൈറ്റഡ് സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ഫാബ്രിസിയോ റൊമോനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഞ്ച് വർഷത്തെ കരാറിലാണ് ചുവന്ന ചെകുത്താന്മാർ ഡിലിറ്റിനെ സ്വന്തം തട്ടകത്തിലെത്തിക്കുന്നത്.
45 മില്യൻ യൂറോയും അഞ്ചു മില്യൻ യൂറോ ആഡ് ഓണുമാണ് യുനൈറ്റഡ് താരത്തിനായി നൽകുക. അഞ്ച് വർഷത്തിന് ശേഷം ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള വ്യവസ്ഥയിലാണ് മാതിയാസ് ഓൾഡ് ട്രാഫോർഡിലെത്തുന്നത്. 2022 മുതൽ ബയേൺ മ്യൂണിക്കിന്റെ താരമായ ഡി ലിറ്റ് യുവന്റസിൽ നിന്നായിരുന്നു ബയേണിലേക്കെത്തിയത്. ബയേണിനായി 53 മത്സരം കളിച്ച താരം അഞ്ചു ഗോളും നേടി.
നേരത്തെ അയാക്‌സിൽ എറിക് ടെൻ ഹഗിനൊപ്പം കളിച്ച് പരിചയമുള്ള താരമായത് കൊണ്ടാണ് താരത്തിന് യുനൈറ്റഡിലേക്ക് പെട്ടെന്ന് അടുക്കാനായാത്. നേരത്തെ തന്നെ താരത്തെ എറിക് നോട്ടമിട്ടിരുന്നെങ്കിലും ഇപ്പോഴായിരുന്നു ട്രാൻസ്ഫർ നടപടികളിലേക്കെത്തിയത്.