യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വരാനിക്കുന്നത് വമ്പന്‍ പോരാട്ടങ്ങള്‍. ശക്തരായ ടീമുകള്‍ അവസാന എട്ടില്‍ ഇടം പിടിച്ചതോടെ ഇനി ആരാധകരുടെ നെഞ്ചിടിപ്പും കൂടും.
ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തന്നെ ആതിഥേയരായ ജര്‍മനിയും സ്‌പെയിനും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. പ്രീക്വര്‍ട്ടറില്‍ ഡെന്മാര്‍കിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ജര്‍മനി അവസാന എട്ടിലെത്തിയത്. എന്നാല്‍ ജോര്‍ജിയയെ ഒന്നിനെതിരേ നാല് ഗോളിന് തകര്‍ത്താണ് സ്‌പെയിനെത്തുന്നത്. അതിനാല്‍ എം.എച്.പി അരീനയില്‍ തീ പാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ഫ്രാൻസും പോർച്ചുഗലും തമ്മിലാണ് ക്വാർട്ടറിലെ രണ്ടാം മത്സരം. വെള്ളിയാഴ്ച രാത്രി 12.30 മുതലാണ് മത്സരം അരങ്ങേറുന്നത്. ശക്തരായ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ക്വാർട്ടറിലെത്തിയതെങ്കിൽ സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ തോൽപ്പിച്ചാണ് പറങ്കിപ്പടയെത്തുന്നത്.
ശനിയാഴ്ച രാത്രി 9.30ന് നടക്കുന്ന മൂന്നാം ക്വാർട്ടറിൽ അട്ടിമറി വീരന്മാരായ സ്വിറ്റ്സർലൻഡ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. നിലവിലെ ചാമ്പ്യൻമാർ ആയ ഇറ്റലിക്ക് മടക്ക ടിക്കറ്റ് നൽകിയാണ് സ്വിസ് അവസാന എട്ടിലെത്തിയിരിക്കുന്നത്. സ്ലോവാക്യയെ 2-1ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്.
തുർക്കിയും നെതർലാൻഡ്സും തമ്മിലാണ് അവസാന ക്വാർട്ടർ. ശനിയാഴ്ച രാത്രി 12.30നാണ് മത്സരം. റൊമാനിയയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്താണ് ഡച്ചുകാർ ക്വാർട്ടർ ടിക്കറ്റെടുത്തത്. ഓസ്ട്രിയയെ 2-1ന് വീഴ്ത്തിയെത്തുന്ന തുർക്കിയും നിസ്സാരക്കാരല്ല.