ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍. ഉച്ചയ്ക്ക് 2.30 മുതല്‍ ദുബൈയില്‍ നടക്കുന്ന മത്സരം പാകിസ്ഥാന് അതിനിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തകര്ന്നിടിഞ്ഞ പാകിസ്ഥാന് ഇന്നും പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റിന് പുറത്താവും. മറുവശത്ത് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ഫൈനലിലേറ്റ പരാജയത്തിന് മറുപടി കൊടുക്കാന്‍ കൂടിയാവും ഇന്ത്യയുടെ ലക്ഷ്യം. 2017ല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന് കിരീടം ചൂടിയത്.
കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാവും ഇന്ത്യ ഇന്നും ഇറങ്ങുക. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഫഖര്സമാനില്ലാതെയാണ് പാകിസ്ഥന്റെ വരവ്. താരത്തിന് പകരം ഇന്ന് ആരെ ആദ്യഇലവനിലുള്പ്പെടുത്തുമെന്ന് കണ്ടറിയണം.