മത്സരം രാത്രി 7.30ന്
സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് ഇന്ന് ഫോഴ്‌സാ കൊച്ചിയെ നേരിടും. ഇതുവരെ ഒരു മത്സരത്തിലും തോൽക്കാത്ത കൊമ്പൻസ് ഇന്നത്തെ മത്സരത്തിൽ ജയിച്ച് പോയിന്റ് ടേബിൾ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. തിരുവനന്തപുരം കൊമ്പൻസിന്റെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ജയിച്ചിരുന്നു. മൂന്നാം മത്സരവും സമനിലയിലായിരുന്നു അവസാനിച്ചത്.
അതിനാൽ ഇന്ന് കൊച്ചി ജവഹർലാലൻ നെഹ്‌റു സ്‌റ്റേഡിയത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും കൊമ്പൻമാർ പ്രതീക്ഷിക്കുന്നില്ല. മൂന്ന് മത്സരത്തിൽനിന്ന് അഞ്ച് പോയിന്റുള്ള കൊമ്പൻസ് പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. അതേ സമയം പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഫോഴ്‌സ കൊച്ചി ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്.സിക്കെതിരേ തോൽവി ഏറ്റുവാങ്ങിയ കൊച്ചിക്ക് പിന്നീടുള്ള രണ്ട് മത്സരത്തിൽ സമനിലയിലായിരുന്നു ഫലം.
അതിനാൽ ഇന്ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഫോഴ്‌സാ കൊച്ചി ലക്ഷ്യമിടുന്നില്ല.കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഐഎസ്എൽ മത്സരങ്ങൾക്ക് ശേഷമാണ് കലൂർ സ്റ്റേഡിയം വീണ്ടും സൂപ്പർ ലീഗ് കേരളക്കായി വേദിയാവുന്നത്. പോർച്ചുഗീസ് പരിശീലകൻ മരിയോ ലെമോസ് തന്ത്രമോതുന്ന ഫോഴ്‌സ കൊച്ചി ആഫ്രിക്കൻ താരങ്ങളാൽ സമ്പന്നമാണ്. ടുണീഷ്യൻ ഇന്റർനാഷണൽ മുഹമ്മദ് നിദാൽ,
ഐവറി കോസ്റ്റിൽ നിന്നുള്ള ജീൻ ബാപ്പിസ്റ്റെ, ദക്ഷിണാഫ്രിക്കക്കാരൻ സിയാൻഡ ഗുമ്പോ,കൊളംബിയൻ താരം ലൂയിസ് റോഡ്രിഗസ്, ബ്രസീലിയൻ റാഫേൽ അഗസ്റ്റോ തുടങ്ങിയവർ കൊച്ചിക്കായി ബൂട്ടണിയും. സന്തോഷ് ട്രോഫി താരങ്ങളായ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ആസിഫ്, നൗഫൽ, അജയ് അലക്‌സ് സംഘവും ടീമിന് കരുത്താവും. മുൻ ഇന്ത്യൻതാരം ജോ പോൾ അഞ്ചേരിയാണ് ഫോഴ്‌സയുടെ സഹപരിശീലകൻ.
യുവത്വമാണ് തിരുവനന്തപുരം കൊമ്പൻസിന്റെ കരുത്ത്. പരിശീലകൻ അലക്‌സാന്ദ്രേക്കൊപ്പം ടീമിലെ ആറ് കളിക്കാരും ബ്രസീലിൽ നിന്നുള്ളവരാണ്. ഡവി കൂൻ, ഔതമർ ബിസ്‌പോ, മാർക്കോസ് വീൽഡർ, റിനാൻ ജനാരിയോ, പാട്രിക് മോത്ത, ഗോൾകീപ്പർ മിഷേൽ അമേരിക്കോ എന്നീ ബ്രസീൽ താരങ്ങളാണ് ടീമിന്റെ കരുത്ത്. സീസൺ , ശരത്ത്, അസ്ഹർ, അഖിൽ തുടങ്ങിയ മലയാളി താരങ്ങളുമുണ്ട്. തമിഴ്‌നാട്ടുകാരൻ കാലി അലാവുദ്ദീനാണ് ടീമിന്റെ സഹപരിശീലകൻ.മത്സരം സ്റ്റാർ സ്‌പോർട്‌സ് വൺ ചാനിലിൽ കാണാം.