75ാം മിനുട്ട് വരെ മൂന്ന് ഗോളിന് മുന്നിട്ട് നില്‍ക്കുക, പിന്നീട് മത്സരം അവസാനിക്കുമ്പോഴേക്ക് മൂന്ന് ഗോൾ തിരിച്ച് വഴങ്ങുക, ഇംഗ്ലീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ പെപ് ഗ്വാര്‍ഡിയോളയുടെയും ദുരിതകാലം തീരുന്നില്ല. വിജയവഴിയിലെത്താനുറച്ച് ഇന്നലെ ചാംപ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ സിറ്റിയെ ഡച്ച് ക്ലബ് ഫെയനൂര്‍ദ് സമനിലിയില്‍ കുരുക്കുകയായിരുന്നു. ജയമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ ആറാമത്തെ മത്സരമാണിത്.
ഒക്ടോബര്‍ 26ന് സതാംപ്ടണെതിരേ നടന്ന പ്രീമിയര്‍ ലീഗ് നടന്ന മത്സരത്തിലാണ് സിറ്റി അവസാനമായി ഒരു ജയം നേടിയത്. പിന്നീട് ഒക്ടോബര്‍ 31ന് നടന്ന ഇ.എഫ്.എല്‍ കപ്പ് പ്രീക്വാര്‍ട്ടറില്‍ ടോട്ടനമാണ് സിറ്റിയുടെ പരാജയവഴി തുറന്നത്. അന്ന 2-1നായിരുന്നു ടോട്ടനം സിറ്റിയെ തോല്‍പ്പിച്ചത്. പിന്നീട് നവംബര്‍ രണ്ടിന് ബേണ്‍മൗത്തിനെതിരേ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലും സിറ്റി തോല്‍വി രുചിച്ചു. അന്നും 2-1നായിരുന്നു സിറ്റിയുടെ തോല്‍വി. തുടര്‍ന്ന് നവംബര്‍ ആറിന് നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ്ങിനോട് കനത്ത പരാജയമാണ് സിറ്റി ഏറ്റുവാങ്ങിയത്. ഒന്നിനെതിരേ നാല്‌ഗോളുകള്‍ക്കായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെയും സംഘത്തിന്റെയും പരാജയം. രണ്ട ദിവസത്തിന് ശേഷം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ബ്രൈറ്റണും സിറ്റിയെ തകര്‍ത്തു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അന്നും സിറ്റിയുടെ തോല്‍വി.
തുടര്‍ന്ന് ഇന്റര്‍ നാഷനല്‍ ബ്രേക്കിനു ശേഷം ടോട്ടനത്തിനെതിരേയായിരുന്നു സിറ്റിയുടെ ആദ്യ മത്സരം. ഇടവേളയ്ക്കു ശേഷം ജയം മോഹിച്ച് സ്വന്തം തട്ടകമായ ഇത്തിഹാദിലിറങ്ങിയ സിറ്റിക്ക് ഇരുട്ടടിയാണ് ടോട്ടനം നല്‍കിയത്. എതിരില്ലാത്ത നാല് ഗോളിനാണ് ടോട്ടനം സിറ്റിയെ ഇത്തിഹാദിലിട്ട് തീര്‍ത്തത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണ് സിറ്റി ഏറ്റുവാങ്ങിയത്.
പിന്നീട് ജയം പിടിച്ചുവാങ്ങുമെന്നുറപ്പിച്ചാണ് ഇന്നലെ ഫെയനൂര്‍ദിനെതിരേ പെപ്പ് ടീമിനെ കളത്തിലിറക്കിയത്. 75ാം മിനുട്ട് വരെ പെപ്പിന്റെ വരുതിയില്‍ തന്നെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍, തുടര്‍ന്ന് എല്ലാം തകിടം മറിയുകയായിരുന്നു.
സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ടഗോളും(44,53) ഇകന്‍ ഗുണ്ടോഗന്റെ (50) ഗോളും ചേര്‍ന്നതോടെയാണ് സിറ്റി 3-0ന് ലീഡു നേടിയത്. വിജയമുറപ്പിച്ചു മുന്നേറുന്നതിനിടെ 75ാാം മിനുട്ടില്‍ ഹാജ് മൂസയിലൂടെ ഫെയെനൂര്‍ദ് ആദ്യ ഗോള്‍ തിരിച്ചടിച്ചു. 82ാാം മിനുട്ടില്‍ സാന്തിയാഗോ ജിമെനെസും ഗോള്‍ നേടിയതോടെ സിറ്റിയുടെ ലീഡ് ഒന്നായി ചുരുങ്ങി. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ ഡേവിഡ് ഹാന്‍കോയും ലക്ഷ്യം കണ്ടതോടെ സിറ്റി ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമായി മാറി ഇന്നലത്തേത്.
ഇനി ആന്‍ഫീല്‍ഡില്‍ കരുത്തരായ ലിവര്‍പൂളിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം.