2014 ജൂലൈ എട്ട്, ബ്രസീലിലെ ബെലെ ഹൊറിസോണ്ടയിലെ മിനെയ്റാവോ സ്റ്റേഡിയത്തിൽ മുഴുവൻ ബ്രസീൽ ആരാധകരുടെ കണ്ണീർ തളം കെട്ടിക്കിടക്കുന്നു. വിജയത്തിൻ്റെ ആനന്ദം തുടിക്കേണ്ട സ്റ്റേഡിയത്തിൽ ആർപ്പുവിളികളും ആർത്തനാദങ്ങളും മാത്രം..
അതെ,
ബ്രസീലിയൻ ഫുട്ബോൾ ആരാധകരുടെ ഹൃദയം തകർന്ന ദിവസത്തിന് പത്തുവർഷം തികയുകയാണ്.ഫുട്ബോൾ എന്നാൽ ജീവനും ജീവിതവുമാക്കിയ ഒരു ജനതയുടെ ഇപ്പോഴും ഉറക്കം കെടുത്തുന്ന ദുസ്വപ്നങ്ങൾ പിറന്നു വീണത് ഈ ദിവസമാണ്.
2014 ഫിഫ വേൾഡ് കപ്പ് ബ്രസീലിയൻ മണ്ണിൽ അരങ്ങേറുമ്പോൾ സ്വന്തം ജനതയ്ക്ക് മുൻപിൽ പന്തു തട്ടാൻ ഇറങ്ങിയ കാനറി പടയ്ക്ക് കിരീടത്തിൽ കുറവൊന്നും ആഗ്രഹിക്കാൻ കഴിയുമായിരുന്നില്ല. അഞ്ചുലോക ഫുട്ബോൾ കിരീടങ്ങളുമായി ലോക ഫുട്ബോളിന്റെ അമരത്ത് നിൽക്കുന്ന കാനറികൾക്ക് സ്വന്തം മണ്ണിൽ ഒരു കിരീടം എന്ന ലക്ഷ്യം, 1950-ൽ സ്വന്തം മണ്ണിൽ കൈവിട്ടുപോയ ആ നിമിഷം തിരികെ പിടിക്കുക എന്നത് ബ്രസീലിയൻ ഫുട്ബോളിന്റെ ലക്ഷ്യമായിരുന്നു. 1950 -ൽ ആദ്യമായി ഫിഫ വേൾഡ് കപ്പ് ബ്രസീലിയൻ മണ്ണിൽ അരങ്ങേറിയപ്പോൾ ഫൈനലിൽ കിരീടം ചൂടുന്നത് കാണാൻ മരക്കാന സ്റ്റേഡിയത്തിലേക്ക് നിറഞ്ഞൊഴുകിയെ കാണികൾക്ക് മുൻപിൽ ഉറുഗ്വായോട് തോറ്റ വിഷമം 64 വർഷങ്ങൾക്ക് ഇപ്പുറവും പേറുന്ന ഒരു ജനതയ്ക്ക് മുമ്പിൽ കിരീടനേട്ടത്തിൽ കുറവൊന്നും ബ്രസീലിയൻ ഫുട്ബോളിന് ചിന്തിക്കാൻ സാധിച്ചിരുന്നില്ല. മരക്കാനാ ദുരന്തത്തെ മനസ്സിൽ ഒരു മുറിവായി കൊണ്ടുനടക്കുന്ന ബ്രസീലിയൻ ജനതയോട് ഫുട്ബോളിന് അപ്പുറം മറ്റെന്താണ് എന്ന ചോദ്യം തന്നെ നിഷ്ഫലമാണ്. അതിനാൽ തന്നെ മറ്റൊരു ദുരന്തമായി 2014 ജൂലൈ 8 ഉം മാറിയത്.
2014 ഫിഫ വേൾഡ് കപ്പിൽ അപരാജിത കുതിപ്പോടെയാണ് ബ്രസീലും ജർമ്മനിയും സെമി പ്രവേശനം നടത്തിയത്. ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ജർമ്മനിയും, മൂന്നാം സ്ഥാനത്തുള്ള ബ്രസീലും തമ്മിലുള്ള മത്സരം ഫുട്ബോൾ ലോകം വേറെ പ്രതീക്ഷയോടെ കാത്തിരുന്ന തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. എന്നാൽ ബ്രസീലിന് ഇത് സ്വന്തം ജനതയ്ക്ക് മുന്നിലുള്ള ജീവൻ മരണ പോരാട്ടമായിരുന്നു. എന്നാൽ സെമി ഫൈനലിന് മുന്നേ തന്നെ ബ്രസീലിന് രണ്ടു തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു. ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കൊളംബിയുമായുള്ള സെമിഫൈനലിൽ സാരമായ പരിക്കേറ്റതും, ബ്രസീലിയൻ നായകൻ തിയോഗോ സിൽവയ്ക്ക് മാച്ച് സസ്പെൻഷൻ കിട്ടിയതും ബ്രസീലിയൻ കരുത്തിൽ കാര്യമായ വിള്ളൽ ഉണ്ടാക്കിയിരുന്നു. എന്നാലും ഫുട്ബോൾ ലോകം ബ്രസീലിൽ കരുത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ കളത്തിനുള്ളിൽ ഈ കുറവുകൾ വളരെ വ്യക്തമായി തന്നെ പ്രതിഫലിച്ചു.
2014 ജൂലൈ 8 ന് കളി തുടങ്ങി അരമണിക്കൂർ പിന്നിടുമ്പോഴേക്കും ബ്രസീലിയൻ ഗോൾവലയിലേക്ക് അഞ്ചു വട്ടം ജർമ്മൻ മുന്നേറ്റം നിറയൊഴിച്ചിരുന്നു.തിരിച്ചൊരു മറുപടി പോലുമില്ലാതെ പകച്ചുനിൽക്കുന്ന ബ്രസീലിയൻ താരങ്ങളെയും, ഗാലറി മുഴുവൻ കണ്ണീരണിഞ്ഞ ഒരു ജനതയെയും മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞത്. കളിയുടെ 90 മിനിറ്റുകൾ പിന്നിട്ടപ്പോൾ ബ്രസീലിന് ആശ്വസിക്കാനായി കിട്ടിയ ഏക നിമിഷം ജർമ്മനിയുടെ 7 ഗോളുകൾക്ക് പകരമായി ഓസ്കാറിന്റെ ഏക മറുപടി ഗോൾ മാത്രമായിരുന്നു.
വീണ്ടുമൊരു ഫുട്ബോൾ ദുരന്തം ആ മണ്ണിനെയും മനുഷ്യരെയും കരയിപ്പിച്ചു. ആ ജനതയും, ഫുട്ബോളും ഒരിക്കലും മറക്കാത്ത ദിനത്തിന് 10 വർഷം പൂർത്തിയാവുകയാണ്.