സന്തോഷ് ട്രോഫി ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ജയം തേടി കേരളം ഇന്ന് സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡയിത്തിൽ കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ പോണ്ടിച്ചേരിയേയാണ് കേരളം നേരിടുന്നത്. ആദ്യ രണ്ട് മത്സരത്തിൽ ജയം നേടിയ കേരളമാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ഇന്നത്തെ മത്സരത്തിലും ജയിച്ച് ഫൈനൽ റൗണ്ട് ഉറപ്പിക്കുക എന്നതാണ് കേരളത്തിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. ആദ്യ മത്സരത്തിൽ റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച കേരളം രണ്ടാം മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത പത്തു ഗോളിനായിരുന്നു തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അൽപം പോലും സമ്മർദമില്ലാതെയായിരുന്നു കേരളം കളിച്ചത്.
കളിച്ച രണ്ട് മത്സരത്തിലും തോറ്റ പോണ്ടിച്ചേരിക്ക് ഇനി പ്രതീക്ഷ ഇല്ല. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനോട് തോറ്റപ്പോൾ രണ്ടാം മത്സരത്തിൽ റെയിൽവേസിനോട് 10-1 എന്ന സ്‌കോറിനായിരുന്നു പോണ്ടിച്ചേരി തോറ്റത്. പോണ്ടിച്ചേരിക്ക് ഇനി സാധ്യത ഇല്ലാത്തതിനാൽ കേരളത്തിന് അനായാസം എതിരാളികളെ വീഴ്ത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കേരള നിരയിൽ ആർക്കും
പരുക്കില്ലാത്തതിനാൽ മികച്ച ടീമിനെ തന്നെ കളത്തിലിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകൻ ബിബി തോമസ് വ്യക്തമാക്കി. ഇന്ന് രാവിലെ നടക്കുന്ന മത്സരത്തിൽ ലക്ഷദ്വീപ് റെയിൽവേസിനെ നേരിടും. ജമ്മുകശ്മീർ-ലഡാക്ക്, ഹിമാചൽപ്രദേശ്-പഞ്ചാബ്, അസം-മേഘാലയ, അരുണാചൽപ്രദേശ്-നാഗലൻഡ് എന്നിവർ ഇന്ന് വിവിധ മേഘലകളിലായി മത്സരത്തിനിറങ്ങുന്നുണ്ട്. ഗോവ, സർവീസസ്, തെലങ്കാന ടീമുകൾ നേരത്തെ തന്നെ സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.