സ്പാനിഷ് സൂപ്പർ കപ്പ് കിരീടത്തിനായി ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഇന്ന് കളത്തിലിറങ്ങുന്നു. സീസണിലെ ആദ്യ കിരീടം തേടിയാണ് രണ്ട് ടീമുകളും കളത്തിലിറങ്ങുന്നത്. ലാലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന റയൽ മാഡ്രിഡും മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയും മികച്ച ഫോമിലാണ്.
അതിനാൽ ഇന്ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോട്‌സ് സിറ്റിയിൽ തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം. രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ മയ്യോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു റയൽ മാഡ്രിഡ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യ സെമിയിൽ അത്‌ലറ്റിക് ക്ലബിനെ തോൽപ്പിച്ച് ബാഴ്‌സലോണയും ഫൈനൽ ഉറപ്പിച്ചിരുന്നു.
പനി പിടിച്ച റയൽ മാഡ്രിഡ് ലൂക്ക മോഡ്രിച്ച് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണ്. ഫെഡറിക്കോ വാൽവർദെയും ഇന്നത്തെ മത്സരത്തിൽ റയൽ നിരയിലുണ്ടാകാൻ സാധ്യതയില്ലെന്ന് ഫോബ്‌സ് റിപ്പോർട്ട് ചെയ്തു. ബാക്കി എല്ലാ താരങ്ങളും ഇന്ന് റയൽ മാഡ്രിഡിന് വേണ്ടി കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ ബാഴ്‌സലോണയിലെ എല്ലാ താരങ്ങളും ഇന്നത്തെ മത്സരത്തിന് സജ്ജമാണെന്നാണ് വിവരം.
അവസാന മത്സരത്തിൽ അത്‌ലറ്റിക് ക്ലബിനെതിരേ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്ന് റയൽ മാഡ്രിഡിനെതിരേയും കളത്തിലിറങ്ങുക. രാത്രി 12.30നാണ് മത്സരം.