ഫ്രഞ്ച് ദേശീയ ഫുട്‌ബോൾ ടീമിന്റെ പ്രതിരോധത്തിലെ പ്രധാനിയായിരുന്ന റാഫേൽ വാരനെ ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 31ാം വയസിലാണ് ഫ്രാൻസിനായി ലോകകപ്പ് നേടിയ വരാനെയുടെ വിരമിക്കൽ പ്രഖ്യാപനം. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായിരുന്ന വരാനെ പുതിയ സീസണിൽ ഇറ്റാലിയൻ ക്ലബായ കോമയിലെത്തിയിരുന്നു.
എന്നാൽ അവിടെ ഒരു മത്സരത്തിൽ മാത്രമാണ് വരാനെ ബൂട്ടണിഞ്ഞത്. ആദ്യ മത്സരത്തിൽതന്നെ വരാനെയുടെ കാൽമുട്ടിന് പരുക്കേറ്റിരുന്നു. ‘ഫുട്‌ബോൾ കരിയറിൽ ഞാൻ നിരവധി പ്രതിസന്ധികൾ നേരിട്ടു. ഒരോ തിരിച്ചടികളിൽ നിന്നും ഉയിർത്തെഴുന്നേറ്റു. എന്നാൽ ഇപ്പോൾ അത്തരത്തിലൊരു തിരിച്ചുവരവ് സാധിക്കുന്നില്ല. കരിയറിലെ മികച്ച നിമിഷങ്ങൾ എപ്പോഴും ഓർക്കും. തീർച്ചയായും ഏറെ അഭിമാനത്തോടെയാണ് എന്റെ ഇഷ്ട വിനോദത്തിൽ നിന്ന് വിടപറയുന്നത്.
‘ റാഫേൽ വരാനെ വ്യക്തമാക്കി. രാജ്യന്തര ഫുട്‌ബോളിൽനിന്ന് വരാനെ കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. ക്ലബ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിനൊപ്പം നാല് ചാംപ്യൻസ് ലീഗും മൂന്ന് ലാ ലീഗ കിരീടങ്ങളും നേടി. 350തിലധികം മത്സരങ്ങളും റയലിനായി കളിച്ചു. 2021 മുതൽ 2023 വരെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ താരമായി 95 മത്സരങ്ങളിലും വരാൻ കളിച്ചു. യുനൈറ്റഡിനായി രണ്ട് ഗോളും വരാനെ നേടിയിട്ടുണ്ട്.
പരുക്ക് കാരണം ഏറെ കാലം മാഞ്ചസ്റ്റർ യുനൈറ്റഡിലും വരാനെ പുറത്തായിരുന്നു. 2013ൽ ഫ്രാൻസ് ടീമിൽ അരങ്ങേറ്റം കുറിച്ച താരം 2014ലെ ലോകകപ്പ് ടീമിലും ഉൾപ്പെട്ടിരുന്നു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ വരാൻ അംഗമായിരുന്നു. 93 മത്സരങ്ങളിൽ ഫ്രഞ്ച് ദേശീയ ടീമിനെ പ്രതിനിധീകരിച്ച താരം 2022ലെ ലോകകപ്പ് ടീമിലും ഉൾപ്പെട്ടിരുന്നു. രാജ്യാന്തര കരിയറിൽ അഞ്ച് ഗോളുകളും വരാനെയുടെ പേരിലുണ്ട്.