പുതിയ സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളെ ടീമിലെത്തിക്കുന്നത് തുടരുന്നു. ഏറ്റവും ഒടുവിലായി മൂന്ന് വർഷത്തെ കരാറിൽ വിങ്ങർ ആർ.ലാൽതൻമാവിയെയാണ് മഞ്ഞപ്പട ടീമിലെത്തിച്ചത്. ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻമാവിയ കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കളിയിലെ മികച്ച വൈദഗ്ധ്യവും പന്തടക്കവും കൊണ്ട് വേഗത്തിൽ ആക്രമണങ്ങൾ കെട്ടിപ്പടുക്കാൻ കഴിവുമുള്ള താരമാണ് ലാൽതൻമാവിയ.
മിസോറാമിൽ ജനിച്ച ലാൽതൻമാവിയ ഐസ്വാൾ എഫ്സിയുടെ അണ്ടർ-14 ടീമിലൂടെ ആണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ക്ലബിൻ്റെ യൂത്ത് സംവിധാനത്തിലൂടെ വളർന്ന ലാൽതൻമാവിയ ഐസ്വാളിൻ്റെ യൂത്ത് ടീമുകളിലൂടെ മുന്നേറി, ഒടുവിൽ 2022/23 ഐ-ലീഗ് സീസണിൽ ഐസ്വാൾ എഫ്സിയുടെ സീനിയർ ടീമിൽ ഇടം നേടി. ആ സീസണിൽ 20 ഐ-ലീഗ് മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 5 അസിസ്റ്റുകളും നൽകുകയും ചെയ്തു. അതിനുശേഷം, ഐ-ലീഗ്, സൂപ്പർ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ ഐസ്വാൾ എഫ്സിയെ പ്രതിനിധീകരിച്ച് ടീമിലെ സ്ഥിര അംഗമായി.
ഐസ്വാൾ എഫ് സിക്കായി 42 മത്സരങ്ങളിൽ നിന്നായി 5 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
“ലാൽതൻമാവിയ ഒരു യുവ കളിക്കാരനാണ്, സ്ക്വാഡിനായി മികച്ച മുന്നേറ്റങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹം ഒരുപാട് മേഖലകളിൽ ഇനിയും മികച്ചതാവേണ്ടതുണ്ട്, അതേസമയം അദ്ദേഹത്തിന്റെ കഴിവുകൾ എന്തൊക്കെയാണെന്ന് ഞങ്ങൾക്ക് അറിയാം, അതുകൊണ്ട് തന്നെ അദ്ദേഹം മികച്ചതാകുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.” താരത്തിൻ്റെ വരവിനെ കുറിച്ച് കരോളിൻ സ്കിൻസിസ് പറഞു.
“കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലൊരു വലിയ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് എനിക്ക് ഒരു വലിയ അവസരമാണ്, എന്റെ കഴിവിൽ വിശ്വാസം പ്രകടിപ്പിച്ചതിന് ക്ലബ് മാനേജ്മെന്റിനോട് ഞാൻ നന്ദിയുള്ളവനാണ്. വരാനിരിക്കുന്ന സീസണിൽ എനിക്ക് സാധ്യമായ എല്ലാ വിധത്തിലും ഞാൻ ടീമിന്റെ വിജയത്തിനായി സംഭാവന നൽകും.
ലാൽതൻമാവിയ വ്യക്തമാക്കി.
തായ്ലൻഡിൽ ജൂലൈ 3 മുതൽ തുടങ്ങുന്ന പ്രീസീസൺ സ്ക്വാഡിനൊപ്പം ലാൽതൻമാവിയ ചേരും’