പ്രീമിയർ ലീഗിൽ നോർത്ത് ലണ്ടനിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ചെൽസിക്ക് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ടോട്ടനത്തിന്റെ തോൽവി. 4-2 എന്ന സ്‌കോറിനായിരുന്നു ബ്ലൂസ് ടോട്ടനത്തെ തുരത്തിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ഡൊമനിക് സോളങ്കിയുടെ ഗോളിൽ ടോട്ടനം മുന്നിലെത്തി.
പ്രതിരോധ താരം മാർക്ക് കുക്കുറെയ്യയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ നേടിയത്. അധികം വൈകാതെ ടോട്ടനം രണ്ടാം ഗോളും ചെൽസിയുടെ വലയിലെത്തിച്ചു. ഇത്തവണയും കുക്കുറെയ്യയുടെ വീഴ്ച്ചയിൽനിന്നായിരുന്നു ഗോൾ. പ്രതിരോധത്തിൽനിന്ന് രണ്ട് തവണ തെന്നി വീണതോടെ ബൂട്ട് മാറ്റിയാണ് കുക്കുറെയ്യ പിന്നീട് കളിച്ചത്. രണ്ട് ഗോൾ വഴങ്ങിയെങ്കിലും പൊരുതിക്കളിച്ച ചെൽസി പിന്നീട് താണ്ഡവമാടുകയായിരുന്നു.
17ാം മിനുട്ടിൽ കുക്കുറെയ്യയുടെ പാസിൽനിന്ന് ജേഡൻ സാഞ്ചോ ആദ്യ ഗോൾ നേടി തിരിച്ചുവരവിനുള്ള സൂചന നൽകി. പിന്നീട് ഗോൾ നേടാൻ പാമർക്കും പെഡ്രോ നെറ്റോക്കും കുടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. എന്നാൽ ആദ്യ പകുതി 2-1 എന്ന സ്‌കോറിന് അവസാനിച്ചു. രണ്ടാം പകുതിയിൽ 61ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി പാമർ ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സമനിലയിലായി.
73ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ തകർപ്പൻ ഗോളിൽ ചെൽസി മുന്നിലെത്തി. ഒരു ഗോൾ നേടിയതോടെ ശക്തി വീണ്ടെടുത്ത ചെൽസി നാലാം ഗോളും നേടി ജയസൂചന നൽകി. 84ാം മിനുട്ടിൽ പാമറായിരുന്നു പെനാൽറ്റിയിൽ നിന്ന് നാലാം ഗോൾ നേടിയത്. എന്നാൽ മത്സരത്തിന്റെ അവാസന മിനുട്ടിൽ സൺ ഹുൻ മിൻ ടോട്ടനത്തിനായി ഗോൾ നേടിയതോടെ സ്‌കോർ 4-3 എന്നായി.
15 മത്സരത്തിൽനിന്ന് 31 പോയിന്റുള്ള ചെൽസി പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. ഇത്രയും മത്സരത്തിൽനിന്ന് 20 പോയിന്റുള്ള ടോട്ടനം 11ാം സ്ഥാനത്തുമുണ്ട്.