യുദ്ധക്കളത്തിൽ സ്വന്തം ചോര ദാനമായി നൽകി വിജയംകൊയ്ത പോരാളികളുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ അത്തരം കഥകളെ തോൽപ്പിക്കും വിധം ജീവൻ നൽകി രണ്ട് പതിറ്റാണ്ട് കാലം പോർച്ചുഗീസ് ഫുട്‌ബോളിന്റെ പടനായകനും കാവൽക്കാരനുമായിരുന്ന പെപ്പെ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പെപെ വിരമിക്കൽ പ്രഖ്യാപിച്ചത്. 41ാം വയസിലും 17 കാരന്റെ കരുത്തോടെ പൊരുതിയ പെപ്പെ അടുത്തിടെ സമാപിച്ച യൂറോകപ്പിലും പോർച്ചുഗീസ് ടീമിന്റെ കരുത്തനായ പ്രതിരോധ ഭടനായിരുന്നു.
2001ൽ മാരിറ്റിമോ ബി എന്ന പോർച്ചുഗീസ് ക്ലബിലൂടെയായിരുന്നു പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നീണ്ട വർഷങ്ങൾ യൂറോപ്യൻ ഫുട്‌ബോളിലെ അതികായൻമാരുടെ പോസ്റ്റിന് മുന്നിലെ കാവൽക്കാരനായി വളർന്നു. 2004ൽ പോർച്ചുഗീസ് ഫസ്റ്റ് ഡിവിഷൻ ക്ലബായ പോർട്ടോയിലെത്തിയതോടെയായിരുന്നു ഫുട്‌ബോൾ ലോകം പെപെയുടെ കരുത്ത് തിരിച്ചറിയിരുന്നത്. തുടർന്ന് 2007ൽ ലോക ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരായ റയൽ മാഡ്രിഡന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലേക്ക്.
അവിടെ ഒരു പതിറ്റാണ്ട് കളിച്ച പെപ്പെ നിരവധി നേട്ടങ്ങളും സ്വന്തം തൊപ്പിയിൽ തുന്നിച്ചേർത്തായിരുന്നു റയൽ വിട്ടത്. മൂന്ന് ലാലിഗ കിരീടം, രണ്ട് കോപാ ഡെൽറേ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ്, മൂന്ന് ചാംപ്യൻസ് ലീഗ്, ഒരു യുവേഫ സൂപ്പർ കപ്പ്, രണ്ട് ഫിഫ ക്ലബ് ലോകകപ്പ് എന്നിവ പത്തു വർഷത്തിനുള്ളിൽ നേടിയാണ് റയൽ മാഡ്രിഡിനോട് വിടപറയുന്നത്. പിന്നീട് തുർക്കിഷ് ക്ലബായ ബെസിക്താസിലേക്കായിരുന്നു പെപ്പൈ പോയത്. അവിടെ ഒരു വർഷം കളിച്ച പെപ്പെ വീണ്ടും താൻ കളിച്ചു വളർന്ന പോർട്ടോയുടെ കളിമുറ്റത്തെത്തി ആദ്യത്തേതിനേക്കൾ കരുത്തിൽ പന്തു തട്ടി.
2019 മുതൽ ഇതുവരെയും പോർട്ടോയുടെ താരമാണ് പെപ്പെ. 2007 മുതൽ പോർച്ചുഗീസ് ടീമിന് വേണ്ടി കളിക്കുന്ന പെപ്പെ എട്ടു ഗോളുകളും നേടിയിട്ടുണ്ട്. രാജ്യത്തിനൊപ്പം 2016 ലെ യൂറോ കപ്പ്, 2018ലെ യുവേഫാ നാഷൻസ് ലീഗ് എന്നീ കിരീടങ്ങൾ നേടിയാണ് പെപെ ബൂട്ടഴിക്കുന്നത്. 41 ന്റെ ചെറുപ്പത്തിലും പോർച്ചഗീസ് ടീമിനൊപ്പം ജീവൻ കൊടുത്ത് പോരാടിയെ പെപ്പെയുടെ അസാന്നിധ്യം പറങ്കിപ്പടക്ക് തെല്ലൊരു ക്ഷീണം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.