യുവേഫ യൂറോ കപ്പിൽ സെമി ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. ശക്തരായ ഫ്രാൻസും സപെയിനും തമ്മിലാണ് ആദ്യ സെമിയിൽ കൊമ്പുകോർക്കുന്നത്. ഇന്ത്യൻ സമയം നാളെ അർധ രാത്രി 12.30 മുതലാണ് മത്സരം. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടും നെതർലാൻഡ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വമ്പൻമാർ കൊമ്പുകോർക്കുന്ന ഈ രണ്ട് പോരാട്ടങ്ങൾക്കുമായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
എന്നാൽ സസ്പെൻഷൻ കാരണം സെമി ഫൈനൽ മത്സരങ്ങൾ നഷ്ടമാകുന്നത് ആർക്കൊക്കെ എന്നതാണ് ഫുട്ബോൾ ആരാധകർ ഇപ്പോൾ തിരഞ്ഞു കൊണ്ടിരിക്കുന്നത്.
ഇംഗ്ലണ്ട്, നെതർലാൻഡ്‌സ് ടീമുകളിൽ ആർക്കും സസ്പെൻഷൻ കാരണം അടുത്ത മത്സരം നഷ്ടമാവില്ല, അതിനാൽ ഇരു ടീമിനും കരുത്തുറ്റ ടീമിനെ തന്നെ സെമിയിൽ കളത്തിലിറക്കാനാവും. ജൂഡ് ബെല്ലിങ്ഹാം, ഫിൽ ഫോഡൻ, ട്രിപ്പിയർ തുടങ്ങിയവരെല്ലാം സസ്പെൻഷൻ ഭീഷണയോടെയാണ് ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങിയിരുന്നത്. എന്നാൽ ആർക്കും മഞ്ഞക്കാർഡ് ലഭിക്കാതിരുന്നതോടെ ഇംഗ്ലണ്ടിന് ആശ്വാസമാവുകയായിരുന്നു.
തുർക്കിക്കെതിരായ ക്വാർട്ടറിൽ നാല് ഡച്ച് തരങ്ങൾക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു. എന്നാൽ ആദ്യ യെല്ലോ കാർഡ് ആയതിനാൽ ഇവർക്ക് സസ്‌പെൻഷൻ നേരിടേണ്ടി വരില്ല.
സസ്‌പെൻഷൻ വിഷയത്തിൽ ഫ്രാൻസിനും ആശങ്കകളില്ല. അവരുടെ ഒരു താരത്തിനും സസ്‌പെൻഷൻ മൂലം സെമിഫൈനൽ നഷ്ടമാവില്ല. അതേ സമയം, ക്വാർട്ടറിൽ സസ്‌പെൻഷൻ കാരണം പുറത്തിരുന്ന ആന്ദ്രേ റാബിയറ്റ് തിരിച്ചെത്തുകയും ചെയ്യുമെന്നത് ഫ്രഞ്ച് ആരാധകർക്ക് ആശ്വാസമേകും.
മറുവശത്ത് സ്പെയിനിനാണ് സസ്‌പെൻഷൻ ബാധിക്കുന്നത്. കാള കൂറ്റൻമാരുടെ രണ്ട് താരങ്ങളാണ് സെമിയിൽ സസ്‌പെൻഷൻ മൂലം പുറത്തിരിക്കുക. പ്രതിരോധ താരങ്ങളായ ഡാനി കാർവഹാൾ, റോബിൻ ലെ നോർമാൻഡ് എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചിട്ടുള്ളത്. കാർവഹാൾ ജർമ്മനിക്കെതിരെ ആദ്യ യെല്ലോ കാർഡ് കണ്ടപ്പോൾ തന്നെ സസ്‌പെൻഷൻ ഉറപ്പിച്ചിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം രണ്ടാം യെല്ലോ കണ്ട് താരം പുറത്താവുകയും ചെയ്തു. ജോർജിയക്കെതിരായ പ്രീ ക്വാർട്ടറിലും താരം യേല്ലോ കാർഡ് കണ്ടിരുന്നു.
പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും യെല്ലോ കാർഡ് കണ്ടതോടെയാണ് നോർമാൻഡിനും സസ്‌പെൻഷൻ ലഭിച്ചത്. ഇതോടെ പ്രതിരോധ നിരയിലെ രണ്ട് പ്രമുഖരില്ലാതെയാവും സ്‌പെയിൻ നാളെ ഫ്രാൻസിനെതിരെ കളത്തിലിറങ്ങുക.