അയർലൻഡിനെതിരേയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ആറു വിക്കറ്റ് ജയം. പ്രതിക റാവലിന്റെ മികച്ച ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു ഇന്ത്യ അനായാസ ജയം നേടിയത്. 96 പന്ത് നേരിട്ട താരം ഒരു സിക്‌സർ ഉൾപ്പെടെ 10 ഫോറുകൾ നേടി 89 റൺസാണ് സ്‌കോർ ബോർഡിലേക്ക് സംഭാവന ചെയ്തത്. കൂട്ടിനുണ്ടായിരുന്ന ഓപണർ സ്മൃതി മന്ഥന 29 പന്തിൽ 41 റൺസും നേടി.
ടോസ് നേടിയ അയർലൻഡായിരുന്നു ആദ്യം ബാറ്റു ചെയ്തത്. ക്യാപ്റ്റൻ ഗാബി ലെവിസിന്റെ 92 റൺസിന്റെ കരുത്തിലായിരുന്നു അവർ മികച്ച സ്‌കോർ നേടിയത്. ലെ പോൾ 73 പന്തിൽ 59 റൺസുമായും മികവ് കാട്ടി. ഇന്ത്യക്കായി പ്രിയ മിശ്ര രണ്ട് വിക്കറ്റ് നേടിയപ്പോൾ ടിറ്റാസ് സന്ദു, സയാലി സത്ഗരെ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നാലാമതായി ക്രീസിലെത്തിയ തേജൽ ഹസബ്‌നിസും ഇന്ത്യക്കായി അർധ സെഞ്ചുറി പൂർത്തിയാക്കി. 41 റൺസ് നേടിയതോടെ സ്മൃതി മന്ഥന പുതിയ നേട്ടത്തിലെത്തി. ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. കരിയറിലെ 95ാം ഏകദിന മത്സരത്തിലാണ് സ്മൃതി 4,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്.
ഒമ്പത് സെഞ്ചുറികളും 29 അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ചരിത്രത്തിൽ മിതാലി രാജ് മാത്രമാണ് മന്ദാനയ്ക്ക് മുന്നിലുള്ളത്. 232 ഏകദിന മത്സരങ്ങളിൽ നിന്നായി 7,805 റൺസാണ് മിതാലി രാജ് കരിയറിൽ അടിച്ചുകൂട്ടിയത്. നാളെ രാവിലെ 11നാണ് പരമ്പരയിലെ രണ്ടാം മത്സരം.