യുവേഫാ നാഷൻസ് ലീഗിൽ ഇറ്റലിക്ക് സമനില. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബെൽജിയമാണ് ഇറ്റലിയെ സമനിലയിൽ തളച്ചത്. 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽതന്നെ ഇറ്റലി ഗോൾ നേടിയെങ്കിലും ബെൽജിയത്തെ വീഴ്ത്താൻ അസൂറികൾക്ക് കഴിഞ്ഞില്ല. ആന്ദ്രിയ കാമ്പിയാസോയായിരുന്നു ഇറ്റലിയുടെ ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ബെൽജിയത്തിന് മേൽ ആധിപത്യം പുലർത്തിയ ഇറ്റലി അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.
24ാം മിനുട്ടിൽ മാറ്റിയോ റെട്ടഗിയായിരുന്നു രണ്ടാം ഗോൾ നേടിയത്. എന്നാൽ 40ാം മിനുട്ടിൽ ഇറ്റാലിയൻ താരം ലോറൻസോ പല്ലെഗ്രിനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് അവർക്ക് തിരിച്ചടിയായത്. പിന്നീട് അവർ പത്തു പേരുമായിട്ടായിരുന്നു മത്സരം പൂർത്തിയാക്കിയത്. ഈ അവസരം ബെൽജയം മുതലാക്കിയായിരുന്നു രണ്ട് ഗോളുകളും തിരിച്ചടിച്ച് സമനില നേടിയത്. 42ാം മിനുട്ടിൽ മാക്‌സിം ഡി സയ്പറിലൂടെ ബെൽജയം ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരുന്ന സൂചന നൽകി.
61ാം മിനുട്ടിൽ ലിയാന്ദ്രോ ട്രൊസാർഡിലൂടെയായിരുന്നു ബെൽജിയം സമനില ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ 4-1 എന്ന സ്‌കോറിന് ഫ്രാൻസ് ഇസ്രയേലിനെ തോൽപിച്ചു. എംബാപ്പെയുടെ അഭാവത്തിലും മികച്ച ജയമായിരുന്നു ഫ്രാൻസ് നേടിയത്. എഡ്വാഡോ കാമവിഗ (6)ക്രിസ്റ്റഫർ ങ്കുങ്കു (28), മാറ്റിയോ ഗൗണ്ടോസി (87), ബ്രാഡ്‌ലി ബ്രക്കോള (89) എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്.
അതേസമയം സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ട് ഗ്രീസിന് മുന്നിൽ അടിപതറി. 49ാം മിനുട്ടിൽ നേടിയ ഗോളിൽ ഗ്രീസായിരുന്നു മുന്നിലെത്തിത്. എന്നാൽ 87ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളിൽ ഇംഗ്ലണ്ട് സമനില പിടിച്ചെങ്കിലും മത്സരത്തിന്റെ അവസാന മിനുട്ടിൽ ഗ്രീസ് ഗോൾ നേടി വിജയം കൊയ്യുകയായിരുന്നു. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോർവെ സ്ലോവേനിയയെ തോൽപിച്ചു. നോർവേക്കായി എർലിങ് ഹാളണ്ട് ഇരട്ട ഗോളുകൾ നേടി. 7,62 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. 52ാം മിനുട്ടിൽ അലക്‌സാണ്ടർ സൊർലോത്തും നോർവേക്കായി ഗോൾ നേടി.