ഹോം മത്സരത്തിൽ മുഹമ്മദൻസ് എഫ്.സിയോട് അടിയറവ് പറഞ്ഞ് ബംഗളൂരു എഫ്.സി. ഇന്നലെ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോലിനായിരുന്നു സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും തോൽവി. മത്സരത്തിൽ 66 ശതമാനം പന്ത് കൈവശംവെച്ച് കളിച്ചത് ബംഗളൂരു ആയിരുന്നെങ്കിലും മത്സരത്തിൽ ജയം നേടാൻ അവർക്കായില്ല.
15 ഷോട്ടുകളായിരുന്നു ബംഗളൂരു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ മൂന്ന് എണ്ണം ഓൺ ടാർഗറ്റാവുകയും ചെയ്തു. ആദ്യ പകുതിയിൽ ബംഗളൂരു മുഹമ്മദൻസിന്റെ ഗോൾവല ലക്ഷ്യമാക്കി ഒരുപാട് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ പ്രതിരോധം തീർത്ത മുഹമ്മദൻസ് അവസരം കിട്ടിയപ്പോഴെല്ലാം കൗണ്ടർ അറ്റാക്കിലൂടെ ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ പരീക്ഷിച്ചുകൊണ്ടിരുന്നു.
11 ഷോട്ടുകളായിരുന്നു മുഹമ്മദൻസ് എതിർ ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്. ഒടുവിൽ 88ാം മിനുട്ടിലായിരുന്നു മത്സരത്തിലെ ഏക ഗോൾ പിറന്നത്. ബംഗളൂരുവിന്റെ ബോക്‌സിന് പുറത്ത് നിന്ന ലഭിച്ച ഫ്രീ കിക്ക് നിശ്പ്രയാസം കാസിമോവ് വലയിലെത്തിക്കുകയായിരുന്നു. സ്‌കോർ 1-0. പിന്നീട് ഗോൾ മടക്കി മത്സരത്തിൽ സമനിലയെങ്കിലും നേടാനായി ബംഗളൂരു ശക്തമായി പൊരുതി നോക്കിയെങ്കിലും മുഹമ്മദൻസ് പ്രതിരോധം മറികടക്കാൻ കഴിഞ്ഞില്ല.
15 മത്സരത്തിൽനിന്ന് 27 പോയിന്റുള്ള ബംഗളൂരു പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 15 മത്സരത്തിൽനിന്ന് 10 പോയിന്റുള്ള മുഹമ്മദൻസ് 12ാം സ്ഥാനത്തുമുണ്ട്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ ജയം. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ജാമി മക്ലാരനായിരുന്നു ബഗാന്റെ വിജയഗോൾ നേടിയത്.
64ാം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ താരം സൗവിക് ചക്രവർത്തി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തു പേരുമായിട്ടായിരുന്നു ഏഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്.