മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനാകും. ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ താല്‍പര്യപ്രകാരമാണ് മോര്‍ക്കലിനെ പരിശീലകനായെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സഹപരിശീലകരായി നിയമിച്ച അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും കാല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗംഭീറിനൊപ്പം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ ഗംഭീറിന്റെ സഹായിയായിരുന്ന മോര്‍ക്കലിനെ കൂടി സംഘത്തിലെത്തിച്ചിരിക്കുന്നത്. ഫില്‍ഡിങ് പരിശീലകനായി ടി. ദിലീപാണ് പരിശീലക സംഘത്തിലുള്ളത്.
ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പം രണ്ട് സീസണുകളില്‍ ഗൗതം ഗംഭീറിനൊപ്പം മോണി മോര്‍ക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒന്നുമുതലാണ് മോര്‍ക്കല്‍ ടീമിനൊപ്പം ചേരുക.
അടുത്ത മാസം ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് മോര്‍ക്കലിന്റെ ആദ്യ പരീക്ഷണം. നേരത്തെ പാകിസ്ഥാന്‍ ദേശീയ ടീമിലും മോര്‍ക്കല്‍ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരിയറില്‍ മികച്ച പ്രകടനമാണ് മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കായി കാഴ്ചവെച്ചത്. വേഗതകൊണ്ടും ഉയരംകൊണ്ടും എതിരാളികള്‍ക്ക് വെല്ലുവിളിയായിരുന്ന താരം2006 മുതല്‍ 2018 വരെ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടായിരുന്നു.
86 ടെസ്റ്റുകളില്‍ നിന്ന് 309 വിക്കറ്റുകളും,
117 ഏകദിനങ്ങളില്‍ നിന്ന് 188 വിക്കറ്റുകളും, 44 ടി20കളില്‍ നിന്ന് 47 വിക്കറ്റുകളും താരം രാജ്യത്തിനായി നേടിയിട്ടുണ്ട്.