ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തമാരുടെ പോരാട്ടങ്ങൾ. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ബ്രൈറ്റണും തമ്മിലാണ് മത്സരം. നിലവിൽ എല്ലാ ടീമുകളുടെയും ഓരോ മത്സരങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫുൾഹാമിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയാകും കളത്തിലെത്തുക.
രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ടോട്ടനവും എവർട്ടണും തമ്മിലാണ് പോരിനിറങ്ങുന്നത്. ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ലെസ്റ്റർ സിറ്റിയുമായുള്ള ടോട്ടനത്തിന്റെ മത്സരം 1-1ന് സമനിലയിൽ കലാശിച്ചിരുന്നു. എവർട്ടണാകട്ടെ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രൈറ്റണോട് പരാജയപ്പെട്ടാണ് എത്തുന്നത്. അതിനാൽ ഇന്ന് ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം.
പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്‌സ്വിച്ച് സിറ്റിയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി എത്തുന്നത്. സ്ഥാനക്കയറ്റം കിട്ടിയ പ്രീമിയർ ലീഗിലെത്തിയ ഇപ്‌സ്വിച്ച് ടൗൺ ആദ്യ മത്സരത്തിൽ ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോൽക്കുകയും ചെയ്തിരുന്നു.
പ്രീമിയർ ലീഗിൽ രാത്രി പത്തിന് നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയും ആഴ്‌സനലും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് വോൾവ്‌സിനെ തോൽപിച്ച് എത്തുന്ന ഗണ്ണേഴ്‌സ് അനായാസം വില്ല കടക്കാമെന്ന പ്രതീക്ഷയിലാണ്. പ്രീമിയർ ലീഗിൽ രാത്രി 7.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫുൾഹാമും ലെസ്റ്റർ സിറ്റിയും തമ്മിലാണ് കൊമ്പുകോർക്കുന്നത്.
………….
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ വീഴ്ത്തിമാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ വിജയത്തോടെ വരവറിയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പെപ്പിന്റെയും സംഘത്തിന്റെയും ജയം. ആദ്യ മത്സരത്തിൽ ജയം വേണമെന്ന ആഗ്രഹത്താൽ കളത്തിലിറങ്ങിയ ഇരു ടീമുകളും ശ്രദ്ധയോടെയായിരുന്നു കരുക്കൾ നീക്കിയത്.
18ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ആദ്യ ഗോൾ നേടിയത്.ബെർണാഡോ സിൽവയുടെ അസിസ്റ്റിൽ എർലിങ് ഹാളണ്ടിന്റെ വകയായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. ഒരു ഗോൾ വഴങ്ങിയതോടെ ഗോൾ മടക്കാനായി ചെൽസി ശക്തമായി തിരിച്ചടിച്ചെങ്കിലും സിറ്റിയുടെ വലകുലുക്കാൻ അവർക്കായില്ല. ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനായി ചെൽസി ശ്രമങ്ങൾ നടത്തുന്നതിനിടെ സിറ്റിയുടെ രണ്ടാം ഗോളും ചെൽസിയുടെ വലയിലെത്തി.
84ാം മിനുട്ടിൽ കൊവാസിച്ചായിരുന്നു സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്.രണ്ട് ഗോൾ നേടിയതോടെ പിന്നീട് ചെൽസിയുടെ വിജയപ്രതീക്ഷകൾ അവസാനിച്ചു. പിന്നീട് ആശ്വാസ ഗോളിനായി ചെൽസി നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സിറ്റി വിജയശ്രീലാളിതരായി മടങ്ങി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബ്രന്റ്‌ഫോർഡ് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
2-1 എന്ന സ്‌കോറിനായിരുന്നു ബ്രന്റ്‌ഫോർഡിന്റെ ജയം. ബ്രയാൻ മുബീനോ (29), യോനെ വിസ്സ (76) എന്നിവരായിരുന്നു ബ്രൻഡ് ഫോർഡിനായി ലക്ഷ്യം കണ്ടത്. ബ്രൻഡ് ഫോർഡിന്റെ സെൽഫ് ഗോളായിരുന്നു ക്രിസ്റ്റൽ പാലസിന് ആശ്വാസമായത്.