അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഉറുഗ്വേൻ സൂപ്പർ താരം ലൂയിസ് സുവാരസ്. ഉറുഗ്വേൻ നാഷണൽ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് സുവാരസ്.
വെള്ളിയാഴ്ച പരാഗ്വക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെയാണ് 37കാരനായ താരം അന്താരാഷ്ട്ര കരിയറിനു വിരാമമിടുന്നത്.
2007ൽ ദേശിയ ജേഴ്സിയിൽ അരങ്ങേറിയ സുവാരസ് 142 മത്സരം കളിച്ചു. 69 ഗോളുകളും താരം സ്വന്തമാക്കി. നാല് ലോകകപ്പിലും സുവാരസ് കളത്തിലിറങ്ങി.
2011 ൽ യുറുഗ്വക്ക് കോപ്പ അമേരിക്ക നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ടൂർണമെന്റിൽ നാല് ഗോളുകൾ സുവാരസ് നേടിയിരുന്നു. ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്ബോളിൽ താരം തുടരും. നിലവിൽ ലയണൽ മെസിക്കൊപ്പം ഇന്റർ മയാമിയിലാണ് സുവാരസ് കളിക്കുന്നത്.