ഫുട്‌ബോൾ മൈതാനത്തിറങ്ങിയാൽ എന്തെങ്കിലും റെക്കോർഡുമായിട്ടാകും ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും യുവതാരം ലാമിനെ യമാൽ മൈതാനം വിടുന്നത്. ഇന്നലെ ക്രൊയേഷ്യക്കെതിരേയുള്ള യൂറോകപ്പിലെ ആദ്യ മത്സരത്തിൽ സ്‌പെയിനിനായി കളത്തിലിറങ്ങിയ യമാൽ പുതിയൊരു റെക്കോർഡുമായിട്ടായിരുന്നു മത്സരം പൂർത്തിയാക്കിയത്.
സ്‌പെയിനിന്റെ ആദ്യ ഇലവനിൽ സ്ഥാനം നേടിയ യമാൽ യൂറോ കപ്പിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. 16ാം വയസിലാണ് യമാൽ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ മത്സരിക്കുന്നത്. അതും ക്രൊയേഷ്യൻ മധ്യനിര താരമായ 38 കാരനായ ലൂക്കാ മോഡ്രിച്ചിനെതിരേ.
യമാൽ ജനിക്കുന്ന സമയത്ത് 21 കാരനായിരുന്ന മോഡ്രിച്ച് രണ്ട് ലീഗ് കിരീടവും ക്രൊയേഷ്യക്കായി 14 മത്സരവും കളിച്ച താരമായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡാനി കർവഹാലിന്റെ ഗോളിന് വഴിയൊരുക്കാനും യമാലിന്. നേരത്തെ പോളണ്ട് താരമായ കാക്പർ കൊസ്ലോവ്‌സികിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.
കൊസ്ലോവ്‌സികി 17 വയസും 246 ദിവസം ആയപ്പോഴായിരുന്നു 2021ൽ സെവിയ്യയിൽ നടന്ന മത്സരത്തിൽ സ്‌പെയിനിനെതിരേ കളത്തിലിറങ്ങി റെക്കോഡ് സൃഷ്ടിച്ചത്. എന്നാൽ ഈ റെക്കോർഡാണ് യമാൽ ഇപ്പോൾ തകർത്തത്. മികച്ച പന്തടക്കവും ഫിനിഷിങ് കഴിമുള്ള യമാൽ ബാഴ്‌സലോണയുടെ സീനിയർ ടീമിനൊപ്പം നിലവിൽ 51 മത്സരം പൂർത്തിയാക്കിയിട്ടുണ്ട്.
ബാഴ്‌സലോണക്കൊപ്പവും താരം കൂടുതൽ റെക്കോർഡുകൾ നേടിയിട്ടുണ്ട്. ഇന്നലെ ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സ്‌പെയിനിന്റെ ജയം. അൽവാരോ മൊറാട്ട (29), ഫാബിയാൻ റൂയിസ് (32), ഡാനി കർവഹാൾ (47) എന്നിവരായിരുന്നു സ്‌പെയിനിന് വേണ്ടി ഗോൾ നേടിയത്. 21ന് ഇറ്റലിക്കെതിരേയാണ് സെപിയിനിന്റെ അടുത്ത മത്സരം.