സന്തോഷ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി കേരളം. ഹൈദരാബാദിലെ ഡക്കാൻ അരീനയിൽ നടന്ന മത്സരത്തിൽ 4-3 എന്ന സ്കോറിന് ഗോവയെയായിരുന്നു കേരളം തോൽപ്പിച്ചത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ കേരളം പിന്നീട് ശക്തമായ തിരിച്ചുവന്നെങ്കിലും മത്സരത്തിന്റെ അവസാന പത്തു മിനുട്ടിൽ കിതച്ചായിരുന്നു കേരളം മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ശക്തമായി പൊരുതിയ കേരളം അധികം വൈകാതെ സമനില ഗോൾ നേടി. ഒന്നാം മിനുട്ടിലായിരുന്നു ഗോവ ആദ്യ ഗോൾ കേരളത്തിന്റെ വലയിലെത്തിച്ചത്. എന്നാൽ ശക്തമായി പൊരുതി കേരളം 16ാം മിനുട്ടിൽ അജ്സലിന്റെ പാസിൽനിന്ന് മുഹമ്മദ് റിയാസിന്റെ ഗോളിലൂടെ സമനില പിടിച്ചു.
മത്സരം സമനിലയിലായതോടെ ആവേശം വർധിച്ച കേരളം ശക്തമായ നീക്കങ്ങളുമായി കളംവാണു കളിച്ചു. ഒടുവിൽ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. മുഹമ്മദ് അജ്സലായിരുന്നു കേരളത്തിനായി രണ്ടാം ഗോൾ നേടിയത്. ലീഡ് നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേരളം വീണ്ടും ഗോൾ നേടി ആദ്യ പകുതിയിൽ തന്നെ സ്കോർ 3-1 എന്നാക്കി മാറ്റി.
33ാം മിനുട്ടിൽ അജ്സലിന്റെ പാസിൽനിന്ന് നസീബ് റഹ്മാനായിരുന്നു ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച നീക്കങ്ങളുമായി കേരളം മുന്നേറ്റം തുടർന്നു. 78ാം മിനുട്ടിൽ കേരളം നാലാം ഗോളും നേടി വിജയ സൂചന നൽകി. ക്രിസ്റ്റി ഡേവിസായിരുന്നു നാലാം ഗോൾ ഗോവയുടെ വലയിലെത്തിച്ചത്. എന്നാൽ 80ാം മിനുട്ടിന് ശേഷം കേരള പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഗോവ ഒരു ഗോൾ മടക്കി.
ഇതോടെ സ്കോർ 4-2 എന്നായി. രണ്ട് ഗോൾ മടക്കിയതോടെ ആവേശം വർധിച്ച ഗോവ കേരളത്തിന്റെ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. വീണ്ടും കേരള പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോവ ഒരു ഗോൾകൂടി നേടി. ഇതോടെ കേരള പ്രതിരോധം വിയർക്കാൻ തുടങ്ങി. 88ാം മിനുട്ടിലായിരുന്നു ഗോവയുടെ മൂന്നാം ഗോൾ. എട്ടു മിനുട്ടായിരുന്നു അധിക സമയം അനുവദിച്ചത്.
ഈ സമയത്ത് ഗോൾ മടക്കാനായി ഗോവ അക്രമം ശക്തമാക്കിയെങ്കിലും കേരളം പ്രതിരോധം കടുപ്പിച്ചു. പലപ്പോഴും ഗോൾ കീപ്പർ ഹജ്മലിന്റെ സേവുകളും കേരളത്തിന് തുണയാവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30ന് മേഘാലയക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.