സൂപ്പർ ലീഗ് കേരള: ഫോഴ്‌സ കൊച്ചി ടീം പ്രഖ്യാപിച്ചു
സൂപ്പർ ലീഗ് കേരളയിലെ ടീമായ ഫോഴ്‌സ കൊച്ചി ടീം പ്രഖ്യാപിച്ചു. ലുലു മാളിൽ നടന്ന ചടങ്ങിൽ ഫോഴ്‌സ കൊച്ചി എഫ്.സിയുടെ ക്യാപ്റ്റനെ ഒളിംപ്യൻ പി.ആർ ശ്രീജേഷ് പ്രഖ്യാപിച്ചു. ടീം ജഴ്‌സിയും ശ്രീജേഷ് പുറത്തിറക്കി. സഹ ഉടമ ഷമീം ബേക്കർ, ഗോൾ കീപ്പിങ് കോച്ച് സജി ജോയ്, അസി. കോച്ച് ജോ പോൾ അഞ്ചേരി , സഹ ഉടമ സുപ്രിയ മേനോൻ, ടീം ക്യാപ്റ്റൻ സുഭാഷിഷ് റോയ് ചൗധരി, ഹെഡ് കോച്ച് മരിയോ, പൃഥ്വിരാജ് സുകുമാരൻ, നവാസ് മീരാൻ, പ്രവീഷ് കുഴിപ്പള്ളി, നസ്ലി മുഹമ്മദ്, സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ്, ഫിറോസ് മീരാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പോർച്ചുഗലിൽ നിന്നുള്ള മരിയോ ലെമോസ് ആണ് ഫോഴ്‌സ കൊച്ചിയുടെ മുഖ്യ പരിശീലകൻ. ചെന്നൈയിൻ എഫ്.സിക്കൊപ്പം 2015ലും 2018ലും ഐ.എസ്.എൽ ചാംപ്യനായ ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്റ്റോയും ടുണീഷ്യൻ ദേശീയ താരമായ സയിദ് മുഹമ്മദ് നിഥാൽ, ഡിസിരി ഒമ്രാൻ, ഐവറി താരം മോക്കി ജീൻ ബാപ്പിസ്റ്റെ, സൗത്ത് ആഫ്രിക്കൻ താരം സിയാൻഡ നിഗുമ്പൊ, കൊളംബിയൻ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരും ഉൾപ്പെടുന്നു.ഇന്ത്യൻ മുൻ ഗോൾകീപ്പറും ഐ.എസ്.എൽ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് ഫോഴ്‌സയുടെ ക്യാപ്റ്റനും ഗോൾ കീപ്പറും. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ ക്യാപ്റ്റൻ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ഹജ്മൽ സക്കീർ, ഐ ലീഗ്, കേരള പ്രീമിയർ താരങ്ങൾ, തുടങ്ങിയ നിരവധി പ്രതിഭാധരരായിട്ടുള്ള താരങ്ങൾ ഫോഴ്‌സ കൊച്ചിക്കായി ബൂട്ട് കെട്ടുന്നു. സെപ്തംബർ ഏഴിനാണ് ഫോഴ്‌സയൂടെ ആദ്യ മത്സരം.കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്‌സയുടെ എതിരാളികൾ മലപ്പുറം എഫ്.സിയാണ്. ഹോം ആന്റ് എവെ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് മത്സരങ്ങൾ കൊച്ചി സ്റ്റേഡിയത്തിലും, രണ്ടു വീതം മത്സരങ്ങൾ കോഴിക്കോടും മലപ്പുറത്തും ഒരു മത്സരം തിരുവനന്തപുരത്തും നടക്കും.