Shopping cart

  • Home
  • Cricket
  • കേരള ക്രിക്കറ്റ് ലീഗ്:  താര ലേലം നാളെ
Cricket

കേരള ക്രിക്കറ്റ് ലീഗ്:  താര ലേലം നാളെ

കേരള ക്രിക്കറ്റ് ലീഗ്
Email :66

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം നാളെ നടക്കും. ചാംപ്യൻഷിപ്പിന്റെ ലോഗോ ഇന്ത്യൻ താരം സഞ്ജു സാംസൺ പ്രകാശനം ചെയ്തു. മൽസരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസികളുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. ഫ്രാഞ്ചൈസികളുടെ ലോഗോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. നാളെ രാവിലെ പത്തുമണി മുതലാണ് ഹയാത്ത് റീജൻസിയിൽ താരലേലം നടക്കുക.

ലേലത്തിന്റെ ബ്രീഫിംഗ് ചാരു ശർമ നടത്തി. ഫ്രാഞ്ചൈസികൾക്കായി മോക് ഓക്ഷനും നടന്നു. സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ഹബ്ബിലാണ് മൽസരങ്ങൾ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യൽ ലോഞ്ചിംഗ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജൻസിയിൽ ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.

കളിക്കാരുടെ ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ടീം ഫ്രാഞ്ചൈസികളും ലേലത്തിലൂടെ കണ്ടെത്തും. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐ.പി.എൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം.

സി.കെ.നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അൻപതിനായിരം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. ഓരോ കളിക്കാർക്കും അടിസ്ഥാന പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ള തുകയിൽനിന്ന് ഏറ്റവും കൂടുതൽ തുക ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ടീമിന് അവരെ സ്വന്തമാക്കാം

. സ്റ്റാർ സ്‌പോർട്‌സ് ത്രീയിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻ കോഡിലും കളിക്കാരുടെ ലേലം തൽസമയം സംപ്രേഷണം ചെയ്യും.പി.എ. അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്റെയും ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റൻസിന്റെയും റോഹൻ എസ് കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സിന്റെയും ഐക്കൺ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വയനാട് ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts