സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈയിന്‍ എഫ്സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലില്‍ വിജയവഴിയില്‍. ഹെസ്യൂസ് ഹിമിനസിന്റെയും നോഹ സദൂയിയുടെയും കെ.പി രാഹുലിന്റെയും മിന്നുന്ന ഗോളാണ് ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ആവേശ ജയമൊരുക്കിയത്. കഴിഞ്ഞ മൂന്ന് കളികളില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഇക്കുറി ആധികാരിക പ്രകടനം പുറത്തെടുത്തു. മൂന്നാം ജയത്തോടെ ഒമ്പത് കളിയില്‍ 11 പോയിന്റുമായി പട്ടികയില്‍ എട്ടാംസ്ഥാനത്തേക്ക് മുന്നേറാനും കഴിഞ്ഞു. കൊച്ചിയില്‍ തുടര്‍ച്ചയായ 16ാം മത്സരത്തിലും ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് റെക്കോഡ് നേട്ടത്തിനൊപ്പമെത്തി.
ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. വലയ്ക്ക് മുന്നില്‍ സോംകുമാറിന് പകരം സച്ചിന്‍ സുരേഷ് എത്തി. പ്രതിരോധത്തില്‍ മിലോസ് ഡ്രിന്‍സിച്ച്, നവോച്ച സിങ്, റുയ്വാ ഹോര്‍മിപാം, സന്ദീപ് സിങ് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ അലെക്സാന്‍ഡ്രെ കൊയെഫ് ഇറങ്ങിയില്ല. വിബിന്‍ മോഹനന്‍, അഡ്രിയാന്‍ ലൂണ, ഫ്രെഡി, കോറു സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ ഹെസ്യൂസ് ഹിമിനെസ്, നോഹ സദൂയ്. ചെന്നൈയിന്‍ ഗോള്‍മുഖത്ത് മുഹമ്മദ് നവാസ്. പ്രതിരോധത്തില്‍ മന്ദാര്‍ ദേശായ്, റ്യാന്‍ എഡ്വാര്‍ഡ്സ്, യുമ്നം, ലെന്ത്ലെയ്. മധ്യനിരയില്‍ എല്‍സിന്യോ, വിന്‍സി ബരെറ്റൊ, ഫാറൂഖ് ചൗധരി, ലൂകാസ് ബ്രാംബില്ല. മുന്നേറ്റത്തില്‍ ഇര്‍ഫാന്‍ യദ്വാഡും വില്‍മര്‍ ഗില്ലും.
മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സ് കുറിച്ചത്. തുടര്‍ ആക്രമണങ്ങളുമായി വേഗത്തില്‍ കളംപിടിച്ചു. പത്താം മിനിറ്റില്‍ വിബിന്‍ ഒരുക്കിയ നീക്കത്തില്‍ നോഹ അടിപായിച്ചെങ്കിലും ചെന്നൈയിന്‍ പ്രതിരോധം തടഞ്ഞു. പിന്നാലെ ഹിമിനസിന്റെ അടി പോസ്റ്റില്‍ തട്ടിത്തെറിച്ചു. 27ാം മിനിറ്റില്‍ മറ്റൊരു മികച്ച അവസരം കൈവന്നു. ഇക്കുറി ബോക്സില്‍വച്ച് നോഹയ്ക്ക് പിഴച്ചു. ഹിമിനസിന്റെ ഷോട്ട് തടയുകയും ചെയ്തു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തിയതാണ്. നോഹയുടെ മിന്നുന്ന ക്രോസ് ബോക്സിലേക്ക്. എന്നാല്‍ ഹിമിനെസിന് ലക്ഷ്യം കാണാനായില്ല. മറുവശത്ത് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മികവ് ബ്ലാസ്റ്റേഴ്സിനെ കാത്തു.
രണ്ടാംപകുതിയില്‍ ചെന്നൈയിന്‍ പ്രതിരോധത്തെ ബ്ലാസ്റ്റേഴ്സ് വിറപ്പിച്ചു. അതിനുള്ള ഫലവും കിട്ടി. 56ാം മിനിറ്റില്‍ ഒന്നാന്തരം ഗോള്‍ പിറന്നു. പ്രതിരോധ മേഖലയില്‍നിന്നായിരുന്നു തുടക്കം. ഇടതുവശത്ത്നിന്ന് ലൂണ പന്തുമായി മുന്നേറി. പിന്നെ മിന്നുന്ന പാസ് ബോക്സിന് പുറത്തേക്ക്. നോഹയ്ക്ക് എത്തിപ്പിടിക്കാനായില്ലെങ്കിലും ഓടിയെത്തിയ കോറു സിങ് ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ചു. ക്ലോസ് റേഞ്ചില്‍ നില്‍ക്കുകയായിരുന്നു ഹിമിനെസ് മനോഹരമായി പന്ത് വലയിലേക്ക് തൊടുത്തു. എട്ട് കളിയില്‍നിന്ന് സ്പാനിഷുകാരന്റെ ആറാംഗോള്‍. പിന്നാലെ നോഹയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. 62ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റംവരുത്തി. കോറുവിന് പകരം രാഹുല്‍ കെ.പി കളത്തിലെത്തി. ഏഴ് മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മിന്നും ഗോളെത്തി. ലൂണ ബോക്സിലേക്ക് തള്ളികൊടുത്ത പന്ത് അനായാസം നോഹ വലയിലേക്കിട്ടു. സീസണിലെ നാലാംഗോള്‍.
തുടര്‍ന്നും കളി പൂര്‍ണമായും ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലായിരുന്നു. നോഹയായിരുന്നു അപകടകാരി. ഇതിനിടെ ഫ്രെഡിക്ക് പകരം ഡാനിഷ് ഫാറൂഖ് കളത്തിലെത്തി. ഹിമിനെസിന് പകരം ക്വാമി പെപ്രയുമെത്തി. പരിക്ക് സമയത്ത് (92ാം മിനിറ്റ്) രാഹുലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയം പൂര്‍ത്തിയാക്കി. നോഹയുടെ നിസ്വാര്‍ഥമായ നീക്കമായിരുന്നു രാഹുലിന്റെ ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ നോഹ ബോക്സില്‍വച്ച് രാഹുലിന് പന്ത് നല്‍കുകയായിരുന്നു. 28ന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി