പുതിയ സീസണിലേക്ക് അരയുംതലയും മുറുക്കി ഒരുങ്ങുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്‌റ്റേഴ്‌സ് തായ്ൽഡിലേക്ക്് പുറപ്പെടും. ജൂലൈ രണ്ടു മുതൽ 22വരെയാണ് തായ്‌ലൻഡിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാംപ് നടക്കുക. പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറെക്കൊപ്പം പുതുതായി ടീമിലെത്തുന്ന താരങ്ങളും തായ്‌ലൻഡിലെത്തും.
സീനിയർ താരങ്ങൾക്ക് പുറമെ അക്കാദമിയിൽ നിന്നുള്ള ചില പുതുമുഖങ്ങളും തായ്‌ലൻഡിൽ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. യുവതാരങ്ങളെ സീനിയർ ടീമിലേക്ക് വളർത്തിയെടുക്കുക എന്ന ക്ലബ്ബിന്റെ കാഴ്ചപ്പാടിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഈ തീരുമാനം.
ജൂലൈ 26ന് തുടങ്ങുന്ന 133ാമത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി, മൂന്നു ആഴ്ച നീണ്ടു നിൽക്കുന്ന പ്രീ സീസൺ ടൂറിൽ തായ്‌ലൻഡിലെ ഫുട്‌ബോൾ ക്ലബ്ബുകൾക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് കളിക്കും.
പ്രീ സീസണിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഉടൻ തന്നെ പ്രഖ്യാപിക്കും. അവസാന സീസണിൽ സെമി ഫൈനലിലെത്താൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച ടീമുമായി കിരീടം മോഹിച്ചാകും രാകി മിനുക്കിയ ടീമുമായിഐ.എസ്.എല്ലിൽ പോരാട്ടത്തിനെത്തുക.