ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി. മുംബൈ സിറ്റി എഫ്‌സിയോട് 2-4നായിരുന്നു തോൽവി. സമനില പിടിച്ചശേഷമാണ് രണ്ട് ഗോൾ വഴങ്ങിയത്. 72ാം മിനുട്ടിൽ ക്വാമി പെപ്ര രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി പുറത്തായശേഷം പത്ത് പേരുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളി പൂർത്തിയാക്കിയത്. 2-2ന് നിൽക്കുന്ന സമയത്തായിരുന്നു പെപ്രയുടെ പുറത്താകൽ. പെപ്രയും പെനൽറ്റിയിലൂടെ ഹെസ്യൂസ് ഹിമിനെസും ലക്ഷ്യം കണ്ടു.
മുംബൈക്കായി നിക്കോ കരെലിസ് ഇരട്ടഗോളടിച്ചു. നതാൻ റോഡ്രിഗസും ലല്ലിയൻസുവാല ചങ്‌തെയും മറ്റ് ഗോളുകൾ നേടി. മുംബൈയുടെ രണ്ട് ഗോൾ പെനൽറ്റിയിലൂടെയായിരുന്നു. ഏഴ് കളിയിൽ എട്ട് പോയിന്റുമായി പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സ്.മാറ്റങ്ങളില്ലാതെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഗോൾമുഖത്ത് സോംകുമാർ. പ്രതിരോധത്തിൽ പ്രീതം കോട്ടൽ, നവോച്ച സിങ്, റുയ്‌വാ ഹോർമിപാം, സന്ദീപ് സിങ്.
മധ്യനിരയിൽ വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, അഡ്രിയാൻ ലൂണ, അലെക്‌സാൻഡ്രെ കൊയെഫ്. മുന്നേറ്റത്തിൽ ക്വാമി പെപ്രയും ഹെസ്യൂസ് ഹിമിനെസും. മുംബൈ ഗോൾ കീപ്പർ പുർബ ലാൽചെൻപ. നതാൻ റോഡ്രിഗസ്, മെഹ്താബ് സിങ്, ടിരി, വാൽപുയ എന്നിവർ പ്രതിരോധത്തിൽ. മധ്യനിരയിൽ ജോൺ ടൊറാൽ, വാൻ നീഫ്, ബ്രിസൻ ഫെർണാണ്ടസ്. മുന്നേറ്റത്തിൽ ലല്ലിയാൻസുവാല ചങ്‌തെ, നിക്കോ കരെലിസ്, ബിപിൻ സിങ്.പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയാണ് ബ്ലാസ്റ്റഴ്‌സ് കളി തുടങ്ങിയത്.
എന്നാൽ ഒമ്പതാം മിനിറ്റിൽ ഗോൾ വഴങ്ങി. ചങ്‌തെയുടെ വലതുവശത്തുനിന്നുള്ള ക്രോസ് കൃത്യമായി പിടിച്ചെടുക്കാൻ സോമിന് കഴിഞ്ഞില്ല. പന്ത് അടിച്ചൊഴിവാക്കാൻ ഹോർമിപാമിനും കഴിഞ്ഞില്ല. ഇടതുവശത്ത് ഒഴിഞ്ഞുനിന്ന കരെലിസ് അനായാസം പന്ത് വലയിലാക്കി. മറുവശത്ത് ഹോർമിപാമിന്റെ തകർപ്പൻ ക്രോസ് മെഹ്താബ് അടിച്ചൊഴിവാക്കി. നവോച്ചയുടെ നീക്കവും മെഹ്താബ് തടഞ്ഞു. മുംബൈ മുന്നേറ്റക്കാരൻ ബ്രിസന്റെ കുതിപ്പിനെ ഗോൾ കീപ്പർ സോം സമർഥമായി തടഞ്ഞു.
ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ഹിമിനെസ് രണ്ട് തവണ അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും വല കണ്ടില്ല.ഇടവേളയ്ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങൾ വരുത്തി. സന്ദീപിന് പകരം കോറു സിങ്ങും ഡാനിഷിന് പകരം ഫ്രെഡിയുമെത്തി. 55ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോൾ വഴങ്ങി. കോർണർ കിക്ക് തടയുന്നതിനിടെ പന്ത് പെപ്രയുടെ കൈയിൽ തട്ടി. റഫറി മുംബൈക്ക് അനുകൂലമായി പെനൽറ്റിക്ക് വിസിലൂതി.
കരെലസിന്റെ കിക്ക് കൃത്യം വലയിൽ. എന്നാൽ ആ ഗോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ വീര്യം ഉണർത്തുകയായിരുന്നു. ക്വാമി പെപ്ര മുംബൈ ഡിഫൻസിനെ വെട്ടിയൊഴിച്ച് മുന്നേറി. ബോക്‌സിൽ കടന്ന പെപ്രയെ വാൽപുയ പിടിച്ചുവീഴ്ത്തി, പെനൽറ്റി. ഹിമിനിസിന്റെ സൂപ്പർ കിക്ക് ലാൽചെൻപയെ കാഴ്ചക്കാരനാക്കി. പിന്നാലെ ഹിമിനസിന്റെ ഒന്നാന്തരം ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. പിന്നാലെയായിരുന്നു സമനില ഗോൾ.
ലൂണയും വിബിനും കോറുവും ചേർന്നു നടത്തിയ നീക്കം. ഇടതുഭാഗത്ത് ലൂണയുടെ മികച്ച ക്രോസ്. അതിമനോഹരമായി പെപ്ര തലവച്ചു. പക്ഷേ, ജഴ്‌സി ഊരിയുള്ള ആഘോഷ പ്രകടനത്തിന് പെപ്രയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് കിട്ടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങി. അതിന്റെ ആനുകൂല്യം മുംബൈ മുതലെടുത്തു. കോർണർ കിക്കിൽ തട്ടിത്തെറിച്ച പന്ത് നതാൻ വലയിലാക്കി. പെപ്ര പുറത്തായി മൂന്ന് മിനിറ്റിനുളളിലാണ് മുംബൈ ലീഡ് നേടിയത്.
87ാം മിനിറ്റിൽ കൊയെഫിന് പകരം മിലോസ് ഡ്രിൻസിച്ച് എത്തിച്ചു. 89ാം മിനിറ്റിൽ മറ്റൊരു പിഴവിൽ ബ്ലാസ്‌റ്റേഴ്‌സ് നാലാം ഗോളും വഴങ്ങി. ജെറെമി മൻസോറോയെ വിബിൻ ബോക്‌സിൽ വീഴ്ത്തിയതിന് പെനൽറ്റി. ചങ്‌തെ പെനൽറ്റിയിലൂടെ മുംബൈയുടെ ലീഡുയർത്തി. നവംബർ ഏഴിന് ഹൈദരബാദ് എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.