പുതുവർഷത്തിൽ ഏവേ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ തോൽപ്പിച്ച കരുത്തിൽ സ്വന്തം തട്ടകത്തിൽ പോരിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. വിജയം അനിവാര്യമായ മത്സരത്തിൽ ആദ്യ മിനിട്ടുകളിൽ ഗോൾ വഴങ്ങിയെങ്കിലും രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി വിജയാവേശത്തിലാണ് മഞ്ഞപ്പട കളംവിട്ടത്. ഒഡീഷയ്ക്കായി മവ്ഹിങ്തങ്ക (4ാം മിനിട്ട്) ഡോറി (80) ഗോളുകൾ നേടി.
രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന്് ഗോളുകളും പിറന്നത്. ക്വാമി പെപ്ര (60), ജീസസ് ജിമിനെസ് (73), നോവ സദോയി (95) എന്നിവരാണ് മഞ്ഞപ്പടയുടെ സ്‌കോറർമാർ. ജയത്തോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ എട്ടാം സ്ഥാനത്ത് എത്തി. 18ന് നോർത്ത് ഈസ്റ്റുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ വല കുലുക്കി ഒഡീഷ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു.
മൈതാന മധ്യത്ത് നിന്ന് ഡൊറി ഉയർത്തി നൽകിയ പാസ് കാലിൽ സ്വീകരിച്ച മവ്ഹിങ്തങ്ക ഗോളി സച്ചിനെ നിഷ്പ്രഭനാക്കി ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തിച്ചു. ഒരു ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് പൊരുതിക്കളിച്ചുകൊണ്ടിരുന്നു. ലൂണ-പെപ്ര-നോവ കോംമ്പിനേഷൻ അപകടകരമായ പല നീക്കങ്ങളും നടത്തിയെങ്കിലും നിർഭാഗ്യത്തിൽ ഗോൾ മാറി നിന്നു.
ആദ്യ പകുതിയിൽ മാത്രം പത്തിലധികം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ പോസ്റ്റ് ലക്ഷ്യം വെച്ച് നീങ്ങിയെങ്കിലും ഫലപ്രദമായി ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ ഇറങ്ങിയ മഞ്ഞപ്പട ആദ്യം സമനിലയും പിന്നെ മേൽക്കൈയും നേടുന്ന പ്രകടനമാണ് പുറത്തെടുത്തത്. പരുക്ക് കാരണം കഴിഞ്ഞ കളികളിൽ പുറത്തിരുന്ന ജീസസ് ജിമിനെസ് പകരക്കാരനായി കളത്തിത്തിലെത്തിയതോടെ ആവേശം വർധിച്ചു.
60ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോളെത്തി. ക്വാമി പെപ്രയായിരുന്നു സമനില ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ആത്മവിശ്വാസം വർധിച്ച മഞ്ഞപ്പട പൊരുതിക്കൊണ്ടിരുന്നു. അധികം വൈകാതെ ജീസസ് ജിമനെസിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും ഒഡിഷയുടെ വലയിലാക്കി ലീഡ് നേടി. എന്നാൽ 80ാം മിനുട്ടിൽ ഒഡിഷ ഗോൾ മടക്കി മത്സരം സമനിലയിലാക്കി.
പിന്നീട് ജയത്തിനായി പൊരുതി ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ ലക്ഷ്യം കണ്ടു. 95ാം മിനുട്ടിൽ നോവയായിരുന്നു കേരളത്തിനായി ഗോൾ നേടിയത്.