കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ നിന്ന് പുറത്ത്
കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ നിന്ന് പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്.സിയോട് പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽനിന്ന് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗളൂരു എഫ്.സിയുടെ ജയം. മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു ബംഗളൂരുവിന്റെ വിജയഗോൾ. ജയം പ്രതീക്ഷിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളുരു എഫ്.സിയും തുടക്കത്തിൽ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ചു.
പക്ഷെ പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ കാരണം ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകൾ അകന്ന് നിന്നു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ ബംഗളൂരുവിന് ലഭിച്ച കോർണർ കിക്കിൽനിന്നായിരുന്നു അവരുടെ വിജയ ഗോൾ പിറന്നത്.
ലൂണയുടെ ക്യാപ്റ്റൻസിയിൽ നോഹ, പെപ്ര, അയ്മൻ, ഫ്രഡി, ഡാനിഷ്, നവോച്ച, മിലോസ്, പ്രീതം കോട്ടാൽ, അയ്ബൻ, സോം എന്നിവരുൾപ്പെടുന്ന ടീമായിരുന്നു ആദ്യ ഇലവനിൽ കളത്തിലിറങ്ങിയത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പരുക്കേറ്റതിനാൽ സോം കുമാറിന് പകരക്കാരനായി സച്ചിൻ സുരേഷായിരുന്നു ഗോൾ വലക്ക് മുന്നിലെത്തിയത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ തോൽപിച്ച് മോഹൻ ബഗാൻ സെമിയിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു മോഹൻ ബഗാന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടിയതിനാൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. പിന്നീടായിരുന്നു പോരാട്ടം പെനാൽറ്റിയിലെത്തിയത്. പെനാൽറ്റിയിൽ 6-5 എന്ന സ്‌കോറിനായിരുന്നു കൊൽക്കത്തൻ വമ്പൻമാരുടെ ജയം.
സുഹൈൽ (45), മാൻവിർ (48), കമ്മിങ്‌സ് (79) എന്നിവരാണ് മോഹൻ ബഗാന് വേണ്ടി ഗോൾ നേടിയത്. ലൂക്ക മെയ്‌സൻ (17), ഫിലിപ് (62), വിദാൽ (71) എന്നിവർ പഞ്ചാബിന് വേണ്ടിയും ഗോളുകൾ സ്വന്തമാക്കി.
സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു
ഡ്യൂറന്റ് കപ്പിന്റെ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയേയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും പ്രകടനം പുറത്തെടുത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. സി ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപൻമാരായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടറിലേക്ക് ടിക്കുറപ്പിച്ചത്.
മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന് ജയിച്ച മഞ്ഞപ്പട രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരേ 1-1 എന്ന സ്‌കോറിന് സമനിലയിൽ പിരിഞ്ഞു. മൂന്നാം മത്സരത്തിൽ സി.ഐ.എസിനെതിരേ എതിരില്ലാത്ത ഏഴു ഗോളിനും ജയിച്ചതോടെയായിരുന്നു ആധികാരികമായി ബ്ലാസ്‌റ്റേഴ്‌സ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും ഡ്യൂറണ്ട് കപ്പിൽ ഒരു തവണ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളു.
അന്ന് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഐ.എസ്.എല്ലിൽ ബംഗളുരു എഫ്.സിക്കെതിരേയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിവാദ ഗോൾ വഴങ്ങിയതിന് ശേഷം ഇരു ടീമുകളും വാശിയോടെയാണ് പിന്നീട് മത്സരിച്ചിരുന്നത്. അതിനാൽ ഇന്നത്തെ മത്സരം വാശിയേറിയതാകും. തായ്‌ലൻഡിൽ നടന്ന പ്രീ സീസൺ മത്സരത്തിന് ശേഷം തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് മികച്ച ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്.
അതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തെടുത്ത പ്രകടനം തുടരാൻ കഴിയുമെന്നാണ് പരിശീലകൻ സ്റ്റാറെയുടെയും സംഘത്തിന്റെയും പ്രതീക്ഷ. നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ആർക്കും പരുക്കില്ലാത്തതിനാൽ മികച്ച ടീമിനെ കളത്തിലിറക്കാൻ കഴിയുമെന്ന് പരിശീലകൻ സ്റ്റാറെ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യ മത്സരത്തിൽ മോഹൻ ബഗാനും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും.