കോപാ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ ചിലിക്കെതിരേ ജയിച്ചു കയറിയ അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണിപ്പോൾ. ചിലിക്കെതിരേ ജയിച്ചെങ്കിലും മത്സരത്തിൽ പലപ്പോഴും അർജന്റീന പതറിയിരുന്നു. 88ാം മിനുട്ടിൽ ലൗതാരോ മാർട്ടിനസ് നേടിയ ഗോളിന്റെ കരുത്തിലായിരുന്നു അർജന്റീന ജയിച്ചു കയറിയത്.
എന്നാൽ മത്സരം പൂർത്തിയായപ്പോൾ അർജന്റീനക്ക് അനയാസാം ചിലിയെ മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. 22 ഷോട്ടുകൾ അർജന്റീന ചിലിയുടെ പോസ്റ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചു. ഗോളെന്നുറച്ച അഞ്ചിലധികം അവസരങ്ങൾ നഷ്ടപ്പെട്ടതായിരുന്നു ജയത്തേക്കാളുപരി അർജന്റീന പുനപ്പരിശോധിക്കേണ്ട കാര്യം. പലപ്പോഴും നിർഭാഗ്യം തുണച്ചപ്പോൾ പന്ത് കൈമാറുന്നതിലെ ആലസ്യവും ലോക ചാംപ്യൻമാർക്ക് തിരിച്ചടിയായി.
പലപ്പോഴും മത്സരത്തിന്റെ എഞ്ചിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഡീ പോൾ പാടെ നിറംമങ്ങിയായിരുന്നു കളിച്ചത്. പാസ് നൽകുന്നതിലും ടാക്ലിങ്ങിലും ഡീ പോളിന് പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. ഇതോടെ ഫൈനൽ തേഡിലേക്ക് സുഖമമായി പന്തെത്താൻ കഴിഞ്ഞില്ല. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഗോളെന്നുറച്ച മൂന്ന് ഷോട്ടുകൾ ക്ലോസ് റേഞ്ചിൽ തടഞ്ഞിട്ട എമിലിയാനോ മാർട്ടിനസ് തന്നെയാണ് ചിലിക്കെതിരേയുള്ള മത്സരത്തിലെ അർജന്റീനയുടെ വിജയശിൽപി എന്ന് വേണമെങ്കിൽ പറയാനാകും.
രണ്ട് മത്സരത്തിലും ക്ലീൻ ഷീറ്റ് നേടിയ എമിയായിരുന്നു ആദ്യ മത്സരത്തിലും അർജന്റീനയുടെ പ്രകടനം അനായാസമാക്കിയത്. രണ്ട് മത്സരത്തിൽ ജയിച്ചതോടെ ക്വാർട്ടറിൽ പ്രവേശിച്ച അർജന്റീനക്ക് ഇനി പെറുവിനെതിരേയുള്ള മത്സരം അനായാസം കളിക്കാനാകും.